നാലു പേർ ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് ഇയാൾ മരിച്ചത്. 

ലക്‌നൗ: വിവാഹപാർട്ടിയിൽ രസ​ഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിക്കാപൂർ ​ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50 വയസ്സുള്ള രൺവീർ സിം​ഗ് എന്നയാൾക്കാണ് സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത്. വധുവിന്റെ ബന്ധുവായിരുന്നു ഇയാൾ. നാലു പേർ ചേർന്ന് ഇയാളെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് ഇയാൾ മരിച്ചത്. രണ്‍വീര്‍ സിങ്ങിന്റെ ബന്ധു രാം കിഷോറിനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രസ​ഗുള എടുത്ത് കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും എത്തിയത്. ​വിവാഹപാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ നാലു അതിഥികളുമായിട്ടാണ് വാക്കേറ്റത്തിന്റെ തുടക്കം. ഇരുമ്പുദണ്ഡും വടിയും ഉപയോ​ഗിച്ചാണ് രൺവീറിനെ ഇവർ അതിക്രൂരമായി മർദ്ദിച്ചത്. അടിപിടിയില്‍ രാം കിഷോറിനും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. രജത്, അജയ്, സത്യബൻ, ഭരത് എന്നിവരാണ് സംഭവത്തിലെ പ്രതികളെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അതിഥികളില്‍ ഒരാളുമായാണ് തുടക്കത്തില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് മറ്റു മൂന്ന് പേര്‍ കൂടി എത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

കര്‍ണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം