'വിഐപി തട്ടിപ്പി'ല്‍ നടപടിയില്ല; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിലെ തട്ടിപ്പ് കൂടുന്നു

By Web TeamFirst Published Aug 4, 2022, 10:30 AM IST
Highlights

ഇന്നലെയും മുഖ്യമന്ത്രിയുടെ പേരിൽ വാട്സ്ആപ്പ് വഴി വ്യാജ സന്ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ചീഫ് സെക്രട്ടറിയുടെ പേരിലെത്തിയ വ്യാജ വാട്സ്ആപ്പ്  സന്ദേശത്തിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് നഷ്ടമായത് 30,000 രൂപയാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിൽ തട്ടിപ്പ് വർധിക്കുമ്പോഴും അനക്കമില്ലാതെ കേരളാ പൊലീസ്. ഇന്നലെയും മുഖ്യമന്ത്രിയുടെ പേരിൽ വാട്സ്ആപ്പ് വഴി വ്യാജ സന്ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ചീഫ് സെക്രട്ടറിയുടെ പേരിലെത്തിയ വ്യാജ വാട്സ്ആപ്പ്  സന്ദേശത്തിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് നഷ്ടമായത് 30,000 രൂപയാണ്. വിഐപി തട്ടിപ്പില്‍ ഇതേ വരെ ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഡിജിപിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയെ മാത്രമാണ് ആകെ പിടികൂടിയത്. മുഖ്യമന്ത്രിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മാത്രം രണ്ട് എഫ്ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് എഡിജിപിമാരുടെ പേരിലും പണം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് സന്ദേശമെത്തിയിരുന്നു. മന്ത്രിമാരായ പി രാജീവ്, വീണ ജോർജ്, പി പ്രസാദ്, ബാലഗോപാൽ, സ്പീക്കർ എം ബി രാജേഷ് എന്നിവരുടെ പേരിലും വ്യാജ ഫേസ്ബുക്ക്-വാട്സ്ആപ്പ് പ്രൊഫൈലുകള്‍ വഴി തട്ടിപ്പ് നടന്നിരുന്നു.

Also Read: 'പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍'; പണം തട്ടലിന്‍റെ ഹൈടെക്ക് വേര്‍ഷന്‍, ജാഗ്രത 

Also Read: മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം, സന്ദേശം കിട്ടിയത് പേഴ്സണൽ സ്റ്റാഫിന്; പിന്നിൽ ഉത്തരേന്ത്യൻ സംഘം

കഴിഞ്ഞ ദിവസം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്. തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ ജി പേ പരിചയമുണ്ടോ എന്ന് ചോദിച്ചിട്ടാണ് മെസേജ് വരുന്നത്. തട്ടിപ്പെന്ന് മനസിലായതോടെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇവര്‍ മന്ത്രിയെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പും സമാനരീതിയില്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. പരാതി നല്‍കിയതോടെയാണ് താത്ക്കാലികമായി നിലച്ചത്. 91 95726 72533 എന്ന നമ്പരില്‍ നിന്നാണ് വാട്‌സാപ്പ് സന്ദേശം വരുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

click me!