കൊച്ചി: പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയും പണം തട്ടുന്നു. അടിയന്തരിമായി കാശ് വേണമെന്ന് പറഞ്ഞ് വ്യാജ പ്രൊഫൈലില്‍ നിന്ന് മെസേജ് അയച്ചാണ് തട്ടിപ്പ്. വ്യാജനാണെന്ന് അറിയാതെ പണം അയച്ച് നല്‍കുന്നവരാണ് പറ്റിക്കപ്പെടുന്നത്. അടുത്തിടെ  പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എ.സജീവന്‍റെ പേരില്‍ തട്ടിപ്പ് നടന്നതോടെയാണ് വാര്‍ത്ത എല്ലാവരും ശ്രദ്ധിക്കുന്നത്.

സജീവന്‍റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. എ.സജീവന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് തന്നെ. ഈ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവര്‍ക്ക് പിന്നീട് എത്തുന്നത് മെസഞ്ചറില്‍ സന്ദേശം. 20,000 രൂപയുടെ അത്യാവശ്യം ഉണ്ടായിരുന്നു. പേ ആപ്പ് വഴി അയച്ച് തരാമോ? സന്ദേശം കണ്ട് സജീവന്‍റെ സുഹൃത്ത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സലീം പാണമ്പ്ര പണം അയച്ച് നല്‍കി. ഇദ്ദേഹത്തിന് നഷ്ടമായത് 18,000 രൂപയാണ്.

 
ഐസിഐസിഐ ബാങ്കിന്‍റെ തമിഴ്നാട് കട്ടുമാവാടി ശാഖയിലെ അക്കൗണ്ടിലേക്കാണ് സലീം കാശ് അയച്ചു കൊടുത്തത്. 
മറിച്ചൊന്ന് ചിന്തിക്കാതെ പണമയച്ച് നല്‍കുന്നവരാണ് കുടുങ്ങുന്നത്. യഥാര്‍ത്ഥ ഐഡിയിലുള്ള കവര്‍ ഫോട്ടോയും പ്രൊഫൈല്‍ പിക്ചറും വിശദാംശങ്ങളും അതേപടി പകര്‍ത്തിയാണ് വ്യാജ ഐഡി ഉണ്ടാക്കുന്നത് എന്നതിനാല്‍ പലരും സംശയിക്കുന്നില്ല.
 
കണ്ണൂര് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സുമേഷിന്‍റെ പേരിലും ആഴ്ചകള്‍ക്ക് മുമ്പ് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്നു. കൊല്ലത്തേയും തിരുവനന്തപുരത്തേയും ചില പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പ് സംഘങ്ങള്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളുണ്ടാക്കി.

വളരെ ആസൂത്രിതമായാണ് തട്ടിപ്പ്. കാശില്ലെന്ന് പറയുന്നവരെ വലയിലാക്കാന്‍ വ്യാജന് അടുത്ത നമ്പര്‍ ഇറക്കും. കാശിന് അത്യാവശ്യമായത് കൊണ്ടാണ് നാളെ രാവിലെ 11 ന് തിരിച്ച് തരാം. 20,000 രൂപയില്ലെങ്കില്‍ ഉള്ളത് തന്നാല്‍ മതിയെന്നും അഭ്യര്‍ത്ഥന. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി പരാതികളാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്.

ഒരു മൊബൈല്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ആധുനിക ആപ്പുകളിലൂടെ പണം സ്വീകരിക്കാമെന്നത് ഇത്തരം സംഘങ്ങള്‍ക്ക് തട്ടിപ്പ് എളുപ്പമാക്കുന്നു. ഫേസ്ബുക്കിലൂടെ ഇരകളെ കിട്ടാനും എളുപ്പം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ തട്ടിപ്പ് സജീവം.