
കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയിൽ വീട് നിഷേധിച്ചു എന്നാരോപിച്ച് വാർഡ് മെമ്പറുടെ മേല്‍ പെട്രൊളൊഴിച്ച് ഗുണഭോക്താവിന്റെ ഭീഷണി.കുറ്റ്യാടി വേളം പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഗ്രാമപഞ്ചായത്തംഗം ലീലയെ ചേർത്തുനിർത്തി ബാലൻ എന്നയാളാണ് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കിയത്.
പഞ്ചായത്ത് ഓഫീസിലെത്തിയ ബാലന്‍ കൈവശമുണ്ടായിരുന്ന രണ്ടു കുപ്പി പെട്രോള്‍ തന്‍റെയും ലീലയുടേയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ബാലനെ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ബാലന്‍റെ ഭാര്യക്ക് നേരത്തെ വീട് നല്‍കിയിട്ടുണ്ട് എന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. എന്നാല്‍, താന്‍ വേറെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പട്ടികയില്‍ പേരുണ്ടെന്നുമാണ് ബാലന്‍ പറയുന്നത്.