
പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴി പരാതി നൽകി. കെഎസ്ആർടിസി വിജിലൻസിനാണ് പരാതി നൽകിയത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്. പരാതിപ്രകാരമുള്ള സംഭവം ഇങ്ങനെയാണ്. ബസിന്റെ ജനൽ പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവർ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭവങ്ങൾ കാട്ടി പെൺകുട്ടി കെ എസ് ആർ ടി സി വിജിലൻസിന് ഇമെയിൽ വഴി പരാതി നൽകി.
വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിടിഒക്ക് കൈമാറിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. പിജി വിദ്യാർഥിയായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. കെ എസ് ആർടിസിയിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ സമീപിക്കാനാണ് തീരുമാനം. കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടത്. പീഡന പരാതി ആയതിനാൽ പൊലീസിന് കൈമാറണോ എന്നതിൽ വ്യക്തത വരുത്താൻ നിയമോപദേശം തേടിയിരിക്കുക്കയാണ് കെ എസ് ആർടിസി. ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികൾ കിട്ടിയിട്ടുണ്ട്. സ്ത്രീകളായ യാത്രക്കാരോട് മോശമായി പെരുമാറിയതിന് സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ നേരിട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam