മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്; ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന

Published : Jun 16, 2022, 05:29 PM IST
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്; ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന

Synopsis

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി പൊലീസ് മഹസ്സർ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.   

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന നടത്തുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി പൊലീസ് മഹസ്സർ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്  വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ  വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കും.

അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആയിരുന്നു നിലവിൽ കേസ് പരിഗണിച്ചിരുന്നത്.

പ്രതികളുടെ ജാമ്യഹർജിയും കസ്റ്റഡി അപേക്ഷയുമെല്ലാം ഇനി പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും പരിഗണിക്കുക. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്. വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികൾ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളിൽ പ്രതിയാണെന്നും സർക്കാർ വ്യക്തമാക്കി. 

Read Also: വിമാനത്തിലെ പ്രതിഷേധം; ഇപിയെ ഒഴിവാക്കിയ, ഇന്‍ഡിഗോ എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം' ;പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് വിമാനക്കമ്പനി ഇൻഡി​ഗോ നല്‍കിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡി​ഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.  സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്‍ജി ഉൾപ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാന കമ്പനി കൈമാറിയത്.

Read Also; 'മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു, നാടൻ ഭാഷയിൽ ഭീഷണി മുഴക്കി'; പൊലീസിന് ഇൻഡി​ഗോ റിപ്പോർട്ട്


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ
'ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക് അസ്വസ്ഥത ഉണ്ടായേക്കാം': എം എ ബേബിയെ പരിഹസിക്കുന്നവർക്ക് ശിവൻകുട്ടിയുടെ മറുപടി