
തിരുവനന്തപുരം: സ്വകാര്യ മേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമ്മതിദായകർക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അപ്രകാരം അവധി അനുവദിക്കുന്നതുമൂലം തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നെങ്കിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകേണ്ടതാണ്. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. അത്തരത്തിൽ അവധി നൽകുമ്പോൾ വേതനം കുറവ് ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ലായെന്നും കമ്മീഷണർ അറിയിച്ചു. അവധിയോ അനുമതിയോ സംബന്ധിച്ച പരാതികളിൽ അടിയന്തിര ഇടപെടൽ നടത്താൻ ലേബർ കമ്മീഷണറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ ആ ദിവസം കൂടി പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു നൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശം നൽകി. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തെരഞ്ഞെടുപ്പിന്റെ തലേദിവസം (പോളിംഗ് സാധനങ്ങളുടെ വിതരണദിവസം) രാവിലെ മുതൽ പോളിംഗ് ദിവസം പോളിംഗ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നത് വരെയാണ്. ഇത് പോളിംഗ് ദിവസം രാത്രി ഏറെ വൈകുകയോ, അടുത്തദിവസം രാവിലെ വരെ നീണ്ടുപോകുകയോ ചെയ്യാറുണ്ടെന്നതിനാലാണ് ഈ ആനുകൂല്യം.