'മീന്‍ പിടിച്ചെടുത്തു' ; മുൻസിപ്പാലിറ്റി ജിവനക്കാർക്ക് എതിരെ പരാതിയുമായി ആറ്റിങ്ങല്‍ സ്വദേശി

By Web TeamFirst Published Aug 10, 2021, 2:56 PM IST
Highlights

അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നു അല്‍ഫോന്‍സയുടെ  മീന്‍ വിൽപ്പനയെന്നും ജീവനക്കാര്‍ പറഞ്ഞു. താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച് അല്‍ഫോന്‍സ വിൽപ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭയുടെ വാദം. 

തിരുവനന്തപുരം: ആറ്റിങ്ങലിൽ മുൻസിപ്പാലിറ്റി ജിവനക്കാർ മീൻ വിൽപ്പനക്കാരിയിൽ നിന്നും ബലം പ്രയോഗിച്ച് മീന്‍ പിടിച്ചെടുത്തു. അനുമതിയില്ലാത്ത സ്ഥലത്ത് വിൽപ്പന നടത്തിയെന്ന് ആരോപിച്ചാണ് 20,000 രൂപയുടെ മീൻ പിടിച്ചെടുത്തത്. അവനവൻചേരി കവലയിൽ മീൻ വിൽപ്പന നടത്തുന്ന അൽഫോൻസയ്ക്ക് എതിരെയായിരുന്നു നഗരസഭാ ജീവനക്കാരുടെ നടപടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എത്തിയ സ്ക്വാഡ് മീനുകൾ പിടിച്ചെടുത്തു. ഇതിനിടയിൽ റോഡിലും മീനുകൾ ചിതറി. 

പ്രശ്നത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ നഗരസഭാ ജീവനക്കാരുമായി തര്‍ക്കമായി. അൽഫോൻസോ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. നഗരസഭാ ജീവനക്കാരുടെ നടപടിക്കിടെ കൈക്കും പരിക്കേറ്റു. തൊട്ടടുത്ത് ചന്തയുണ്ടായിട്ടും അൽഫോൻസയും ഒപ്പമുളളവരും താക്കീത് അവഗണിച്ച് കവലയിൽ തന്നെ വിൽപ്പന നടത്തുകയായിരുന്നെന്നും മീൻ വെളളം റോഡിലേക്ക് ഒഴുക്കി വിടുന്നത് കൂടി ശ്രദ്ധയിൽപ്പെട്ടാണ് നടപടിയെന്നും മുൻസിപ്പാലിറ്റി വിശദീകരിക്കുന്നു. ജീവനക്കാർ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ആറ്റിങ്ങൽ മുൻസിപ്പാലിറ്റി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!