
തിരുവനന്തപുരം: ആറ്റുകാൽ സ്വദേശിനിയായ ആരതി (27) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്ന മർദനം പലരോടും പറഞ്ഞിരുന്നതായി ആരതിയുടെ അവസാന കുറിപ്പിലുണ്ട്. പക്ഷെ തന്‍റെ വിഷമം ആരും കേട്ടില്ലെന്നും നിരന്തരമായി പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. ആരതിക്ക് രക്ഷിതാക്കൾ നൽകിയ സ്വർണവും പണവും അതുൽ സ്വന്തം കാര്യത്തിന് ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. അതുലിന് നേരത്തെ മറ്റൊരു കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ കുട്ടിയും ജീവിച്ചിരിപ്പില്ലെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
10 മാസമായി നേരിടുന്ന ശാരീരിക പീഡനത്തെ കുറിച്ചാണ് ആരതിയുടെ കുറിപ്പ്. ഭർത്താവിൽ നിന്ന് ഒരു സ്നേഹവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണവും ശാരീരിക പീഡനവും അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നുണ്ട്. മൃതദേഹത്തിൽ 17 മുറിവുകളുണ്ട്. മുറിവുകളുടെ ഫോട്ടോ മരണത്തിന് ഒരു ദിവസം മുൻപ് ആരതി അമ്മയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
അതുൽ ആരതിയെ മർദ്ദിക്കുന്നത് അതുലിന്റെ വീട്ടുകാർക്കും അറിയാമായിരുന്നെന്ന് ആരതിയുടെ അമ്മ ജിനു പറഞ്ഞു. വീട്ടുകാരെ മർദ്ദന വിവരം അറിയിച്ചതാണ്. പക്ഷേ ഇടപെട്ടില്ല. കല്യാണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. പ്രശ്നങ്ങൾ കാരണം ആരതി ഇതിനു മുൻപ് വീട്ടിൽ വന്നു നിന്നിട്ടുണ്ട്. പക്ഷേ അതുലിനോടുള്ള സ്നേഹം കാരണം ആരതി തിരികെ പോയതാണെന്ന് അമ്മ പറയുന്നു. സംഭവ ദിവസം ആരതിയോട് വീട്ടിൽ വരാൻ ആവശ്യപ്പെട്ടതാണ്. പക്ഷേ ആരതി വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല. അതുലിന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. ആരതിയുടെ ബാക്കിയുള്ള സ്വർണം അതുൽ ആവശ്യപ്പെട്ടിരുന്നു. അതേ ചൊല്ലിയും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മകളെ നഷ്ടമായി. മറ്റൊരു കുട്ടിയുടെ ഭാവി കൂടി ഇനി തകരാൻ പാടില്ല. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ആരതിയുടെ അമ്മ പറഞ്ഞു.
സംഭവം നടന്ന ദിവസം മകളെ തിരികെ വീട്ടിൽ വിടാൻ അതുലിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരതിയുടെ അച്ഛൻ ബൈജു പറഞ്ഞു. പല പ്രശ്നങ്ങളും ആരതി വീട്ടിൽ പറഞ്ഞിട്ടില്ല. താൻ ഗൾഫിൽ നിന്ന് വന്നിട്ട് മകളെ തിരികെ കൊണ്ടുവരാൻ ഇരുന്നതാണ്. അതുലും മകളും പല തവണ കൗൺസിലിങ്ങിന് പോയിരുന്നു. അതുലും മറ്റൊരു പെൺകുട്ടിയുമായുള്ള ചിത്രങ്ങളെ ചൊല്ലി ഇരുവർക്കും ഇടയിൽ വഴക്കുണ്ടായിരുന്നു. ബന്ധം വേർപ്പെടുത്തണമെന്ന് ആരതി ആഗ്രഹിച്ചിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam