ആറ്റുകാല്‍ പൊങ്കാല: ആരോഗ്യവകുപ്പ് കൊറോണ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍

By Elsa Tresa JoseFirst Published Mar 5, 2020, 2:46 PM IST
Highlights

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹോളി ആഘോഷത്തില്‍ നിന്ന് പ്രധാനമന്ത്രി വരെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരവധിയാളുകള്‍ എത്തുന്ന പൊങ്കാല ആഘോഷങ്ങളുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം

തിരുവനന്തപുരം: കൊവിഡ് 19  ബാധ പടരുന്ന സാഹചര്യത്തില്‍ ആറ്റുകാല പൊങ്കാലയില്‍ പുലര്‍ത്തേണ്ട പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 9ന് നടക്കുന്ന പൊങ്കാല ചടങ്ങില്‍ സംബന്ധിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ എത്താനിരിക്കെയാണ് ആറ്റുകാല്‍ ക്ഷേത്രം ട്രെസ്റ്റ് പ്രസിഡന്‍റ് ചന്ദ്രശേഖരന്‍ പിള്ള ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയത്. 

പ്രത്യേക നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ ലഭിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള എല്ലാ ചികിത്സാ സംവിധാനങ്ങളും പൊങ്കാലയിലുണ്ടാവും. സര്‍ക്കാരോ ആരോഗ്യ വകുപ്പോ പ്രത്യേകമായി എന്തെങ്കിലും നിര്‍ദേശം നല്‍കിയാല്‍ അത് പാലിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ ഉറപ്പ് നല്‍കുന്നു. ഏഴാം തിയതി പൊങ്കാല സംബന്ധിച്ച യോഗം നടക്കുന്നുണ്ട്. അന്ന് ആരോഗ്യവകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്ദ്രശേഖരന്‍ പിള്ള വ്യക്തമാക്കി.

രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് 19 എന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹോളി ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി ഭവനും ഹോളിയാഘോഷം ഒഴിവാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് കൊവിഡ് 19 ഭീഷണിയല്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. പൊങ്കാലയില്‍ പങ്കെടുക്കുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

 

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഈ നീക്കം തീക്കളിയാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വലിയ രീതിയില്‍ ആളുകള്‍ ഒത്ത് ചേരുന്ന ഇടങ്ങളില്‍ കൊവിഡ് ബാധയുള്ളവര്‍ എത്തിച്ചേര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമാണെന്നാണ് വിദ്ഗ്ധര്‍ വിലയിരുത്തുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സ്വീകരിച്ചിരിക്കുന്ന മുന്‍ കരുതല്‍ എന്താണെന്ന് സര്‍ക്കാര്‍ വിശദമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ രീതിയില്‍ ആളുകള്‍ ഒത്തുചേരുന്ന പല പരിപാടികളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. 

click me!