
കൊച്ചി: സംഭാവന നൽകാതെ ഇന്ധനം നിറയ്ക്കാൻ അനുവദിക്കില്ലെന്ന് യൂണിയൻ നേതാവിന്‍റെ ഭീഷണി. പ്രവാസിയായ പെട്രോൾ പമ്പ് ഉടമയാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. തിരുവനന്തപുരത്തെ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാൻ എത്തിയ ടാങ്കർ ലോറി പിടിച്ചിട്ടെന്നാണ് പരാതി. രാവിലെ ടോക്കൺ നൽകിയിട്ടും വാഹനം അകത്തു കയറ്റി വിട്ടില്ല.
ഉച്ചയോടെ പമ്പിലെ ഇന്ധനം പൂർണമായും തീരുമെന്നാണ് പരാതിക്കാരനായ പ്രവാസി പറയുന്നത്. പണം ചോദിച്ച് സിഐടിയു നേതാവ് ബാബു ഭീഷണിപ്പെടുത്തുന്ന ഓഡിയോ സംഭാഷണവും പ്രവാസിയായ അശ്വിൻ പുറത്ത് വിട്ടിട്ടുണ്ട്. കൊച്ചി വെല്ലിംഗ്ടണിലുള്ള സംഭരണശാലയിലാണ് ലോറി പിടിച്ചിട്ടിട്ടുള്ളത്. തിരുവനന്തപുരം കഠിനംകുളത്തുള്ള നയാറ പമ്പിന്‍റെ ഉടമയാണ് അശ്വിൻ.
രാവിലെ ഒമ്പത് മണിക്കുള്ളിൽ ഇന്ധം നിറച്ച് തിരുവനന്തപുരത്തേക്ക് പോകേണ്ട ലോറി പിടിച്ചിടുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെയും ഇടപെടലുകൾ വന്നതോടെയുമാണ് ഇന്ധനം നിറയ്ക്കാൻ അനുവദിച്ചത്. പണം കൊടുക്കാതെ ഇന്ധനം നിറയ്ക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സിഐടിയു നേതാവ് ആയിരം മുതൽ അയ്യായിരം രൂപ പണം പിരിക്കുന്നുണ്ടെന്നാണ് പരാതി.
പമ്പ് തുടങ്ങിയിട്ട് ഒന്നേമൂക്കാല്‍ വര്‍ഷം ആയെന്നും ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്നും അശ്വിൻ പറഞ്ഞു. കൊച്ചിയിലെ സിഐടിയു നേതാക്കൾ സൗഹൃദപരമായാണ് പെരുമാറിയിട്ടുള്ളത്. ബാബു എന്നയാൾ ആണ് മോശമായി പെരുമാറിയത്. ആദ്യം സിപിഎം ജില്ലാ സമ്മേളനത്തിനുള്ള സംഭാവന എന്നാണ് പറഞ്ഞത്. ജില്ലാ സമ്മേളനങ്ങൾക്ക് സംഭാവനകൾ വേണ്ടെന്നുള്ള പാര്‍ട്ടി നിര്‍ദേശത്തെ കുറിച്ച് ചോദിപ്പോൾ സംഭാവന മാറ്റി ഡൊണേഷൻ ആക്കി. പാര്‍ട്ടിക്കാരൻ ആണെന്നുള്ള കാര്യം പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നു. തുടര്‍ന്ന് എ എ റഹീമിനെ കാര്യം വിളിച്ചറിയിച്ചു. പാര്‍ട്ടി ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് റഹീം വ്യക്തമാക്കുകയും ഇടപെടുകയുമായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നുള്ള കാര്യം അറിയില്ലെന്നും അശ്വിൻ പറഞ്ഞു.