
തിരുവനന്തപുരം : തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്‍കുന്ന സ്ത്രീകളെ പിന്നീട് മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി.
തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളുമുണ്ട്. തൊഴിലിടത്തില്‍ സ്ത്രീ അനുഭവിക്കുന്ന പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന്റെ പേരില്‍ പരാതിക്കാരിയെ മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി കാണുന്നു. സര്‍ക്കാര്‍ സംവിധാനത്തിലും ഈ പ്രവണത കാണുന്നുണ്ട്. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് ഇന്റേണല്‍ കമ്മിറ്റി നടത്തിയിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എതിര്‍കക്ഷിക്കെതിരെ വര്‍ഷങ്ങളായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന പ്രശ്‌നവും അദാലത്തില്‍ ശ്രദ്ധയില്‍പ്പെട്ടതായി കമ്മിഷൻ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ വൈമനസ്യം കാട്ടുന്നു. സ്ത്രീ വിരുദ്ധമായ ഒരു മനോഭാവം തൊഴിലിടങ്ങളില്‍ കാണുന്നുവെന്നാണ് ഇതിലൂടെ മനസിലാവുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
സോഷ്യല്‍മീഡിയയിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായ ബന്ധപ്പെട്ട പരാതികളുമുണ്ട്. എല്ലാ ജില്ലകളിലും അത്തരത്തിലുള്ള പരാതികള്‍ കൂടുതലായി വരുന്നുണ്ട്. ഈ പരാതികളില്‍ പൊലീസിന്റെ സൈബര്‍ സെല്ലിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദ്ദേശിക്കാറുള്ളത്. സൈബര്‍ സെല്ലുകള്‍ വളരെ എഫക്ടീവായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വാട്‌സ്ആപ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള പോസ്റ്റുകള്‍, മറ്റു തരത്തിലുള്ള വീഡിയോകള്‍ എന്നിവ സംബന്ധിച്ച് പരാതി കിട്ടിയാല്‍ വളരെ പെട്ടെന്നുതന്നെ നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാരെ തിരിച്ചറിയാനും സഹായിക്കുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം പൊലീസിന്റെ സൈബര്‍ സെല്ലിനെ സജ്ജമാക്കേണ്ടതുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam