
കോഴിക്കോട്: പന്തുരുന്നത് കാണാൻ ഓട്ടോ ചന്ദ്രൻ ഉണ്ടാവില്ല. കാൽപ്പന്ത് കളിയുടെ രസതന്ത്രം ജീവിതമന്ത്രം തന്നെ ആക്കിയ മലബാറുകാരുടെ പ്രതിനിധിയായിരുന്നു ഓട്ടോ ചന്ദ്രൻ. എൻ പി ചന്ദ്രശേഖരൻ എത്താത്ത ഫുട്ബോൾ ഗാലറികൾ മലബാറിൽ ഉണ്ടാകില്ല തന്നെ. അത്രയും ഫുട്ബോൾ കമ്പം തലക്ക് പിടിച്ച ആളായിരുന്നു ചന്ദ്രൻ. ഇപ്പോൾ കേരളത്തിന് ഏറ്റവും അടുത്ത് , മലയാളികളുടെ സ്പർശവും മണവും ആവോളമുള്ള നാട്ടിൽ പന്തുരുളുന്നതിന്റെ ആവേശം ഏറ്റുവാങ്ങാൻ നിൽക്കാതെ ചന്ദ്രൻ വിടവാങ്ങി. അന്ത്യം കോഴിക്കോട് തോപ്പയിലെ വീട്ടിൽ എൺപത്തിരണ്ടാം വയസ്സിൽ. 1950മുതൽ ഗാലറികളിലെത്തി ആവേശം ഏറ്റുവാങ്ങിയ ആളായിരുന്നു അദ്ദേഹം. ഫുട്ബോൾ ആരാധകർക്ക് പഞ്ഞമില്ലാത്ത ഈ നാട്ടിൽ ഓട്ടോ ചന്ദ്രൻ വാര്‌ത്താതാരമാകുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ആവേശം എത്രത്തോളം ആഴമേറിയതും അനന്യവും ആയിരുന്നു എന്നതിന്റെ തെളിവ്.