
തിരുവനന്തപുരം : അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സ്വദേശി സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോലിയക്കോട് ഭാഗത്ത് വെച്ച് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന സജിത്ത് കുമാര്‍ ഉടന്‍ അപകടം നടന്ന സ്ഥലത്തേക്ക് ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ സ്ത്രീയെ തൻ്റെ ഓട്ടോയില്‍ കയറ്റി സജിത്ത്കുമാർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ കിള്ളിപ്പാലത്തിന് സമീപത്ത് വെച്ച് സജിത്ത്കുമാറിന് തലചുറ്റൽ അനുഭവപ്പെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന പരിക്കേറ്റ സ്ത്രീയോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സജിത്ത് ഓട്ടോ റോഡരികിലേക്ക് ഒതുക്കി. പിന്നാലെ കുഴഞ്ഞുവീണു. സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.