സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് വൈഷ്ണ സുരേഷ്; കോടതിക്ക് നന്ദിയുണ്ടെന്നും പ്രതികരണം

Published : Nov 19, 2025, 07:13 PM IST
vyshna suresh

Synopsis

വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം. വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നു. 

തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും കോടതിക്ക് നന്ദിയുണ്ടെന്നും തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ‍ഡിവിഷനിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായ വൈഷ്ണ സുരേഷ്. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം. വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നു. വോട്ട് നീക്കിയ നടപടി റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് വൈഷ്ണ സുരേഷിന് മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകാനുള്ള അവസരം ഉണ്ടായത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സാങ്കേതികത്തിന്‍റെ പേരിൽ 24 വയസുളള പെൺകുട്ടിയ്ക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം പറ‍ഞ്ഞു. ഒരു ചെറുപ്പക്കാരി മത്സരിക്കാൻ തയാറായി എത്തുമ്പോൾ ഇത്തരത്തിലാണോ പെരുമാറേണ്ടത്. അത് അനീതിയാണ്. സാങ്കേതികകാരണങ്ങൾ പറഞ്ഞ് 24 കാരിയുടെ വോട്ടവകാശം തടയരുതെന്നും കോടതി പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വൈഷ്ണയേയും പരാതിക്കാരനേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തണമെന്നും കോടകി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം ഇരുപതിനകം വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് ജില്ലാ കലക്ടർ തീരുമാനമെടുക്കണം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കോടതിയുടെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണായക ഉത്തരവ് ഇപ്പോല്‍ പുറത്ത് വന്നിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി