
ബെംഗളൂരു: നഗരത്തിൽ നിലനിൽക്കുന്ന ഭാഷയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ബെംഗളൂരുവിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറലായി. ഡ്രൈവറുടെ ലളിതവും എന്നാൽ യാഥാർത്ഥ്യബോധത്തോടെയുമുള്ള പ്രതികരണവുമാണ് ശ്രദ്ധ നേടിയത്. ഖ്യാതി ശ്രീ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, യാത്രയ്ക്കിടെ അവർ കന്നഡയിലെ ചില അടിസ്ഥാന പദങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു. ഓട്ടോ ഡ്രൈവർ ക്ഷമയോടെ അവരെ സഹായിക്കുക മാത്രമല്ല, പലപ്പോഴും ചർച്ചയാകുന്ന 'ഹിന്ദി- കന്നഡ' തർക്കത്തോടുള്ള വളരെ ലളിതമായി സമീപനവും സോഷ്യൽ മീഡിയ ഏറ്റെടുത്തു എന്നുവേണം പറയാൻ.
"ഇതൊക്കെ കുറച്ച് ആളുകളുടെ പ്രശ്നമാണ്, അങ്ങനെയൊക്കെയാണ് വഴക്കുണ്ടാകുന്നത്. അല്ലെങ്കിൽ ഒരു പ്രശ്നവുമില്ല, ബെംഗളൂരുവിൽ എല്ലാവരും നന്നായി ജീവിക്കുന്നു, എല്ലാം ഫസ്റ്റ് ക്ലാസാണ്," അദ്ദേഹം പറയുന്നു. ഭാഷയുമായി ബന്ധപ്പെട്ട മിക്ക തർക്കങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് ഉണ്ടാകുന്നതെന്നും, അല്ലാതെ ആഴത്തിലുള്ള എന്തെങ്കിലും വിഷയങ്ങളല്ല ഇതിന് കാരണം.
ഡ്രൈവറുടെ അഭിപ്രായത്തോട് ഖ്യാതിയും യോജിച്ചു. "ഞാൻ നാല് മാസമായി കർണാടകയിൽ താമസിക്കുന്നു, ബെംഗളൂരുവിന് പുറത്തും യാത്ര ചെയ്തിട്ടുണ്ട്. ഭാഷയുമായി ബന്ധപ്പെട്ട് എനിക്ക് ഒരിക്കലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ഞാൻ നിരവധി ഓട്ടോ-ടാക്സി ഡ്രൈവർമാരുമായും, നാട്ടുകാരുമായും സംസാരിച്ചു. ഞാൻ ഹിന്ദി സംസാരിച്ചാലും ആളുകൾക്ക് പ്രശ്നമില്ലായിരുന്നു. മര്യാദയോടെ പെരുമാറിയാൽ തിരിച്ചും അതാണ് അനുഭവം' എന്നും അവർ കുറിച്ചു.
ഭാഷാപരമായ പ്രശ്നങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും, തൻ്റെ വ്യക്തിപരമായ അനുഭവം തികച്ചും വിപരീതമായിരുന്നു. തീരദേശ കർണാടകയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഇത്തരം ഡ്രൈവർമാരെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന് പേടിച്ചിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ഇംഗ്ലീഷ് അറിയുന്നതുകൊണ്ട് അത് ഓക്കെയാണ്. ബെംഗളൂരുവിലേക്കുള്ള തൻ്റെ രണ്ടാമത്തെ വരവാണെന്നും നഗരം ഇപ്പോഴും നല്ല അനുഭവങ്ങളാണ് നൽകുന്നതെന്നും ഖ്യാതി വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നത്. 25 വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന ഒരാൾക്ക് ഭാഷാ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും ആളുകൾ പ്രകോപിപ്പിക്കുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. നഗരത്തെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന "ഒരു മികച്ച അനുഭവം" എന്ന് മറ്റൊരാൾ പ്രശംസിച്ചപ്പോൾ, ബഹുമാനം പരസ്പരമാണെന്നും പ്രാദേശിക ഭാഷാ പദങ്ങൾ പഠിക്കുന്നത് നാട്ടുകാരെ സന്തോഷിപ്പിക്കുമെന്നും മറ്റൊരു ഉപയോക്താവ് ഓർമ്മിപ്പിച്ചു. ഇത്തരം വീഡിയോകൾ സംഘർഷങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതും മറ്റൊരു പ്രശ്നമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam