
വയനാട്: വയനാട് ചുണ്ടേലിലെ വാഹനാപകടത്തിൽ ദുരൂഹത. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാർ ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. നവാസും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ഷായും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് ആരോപണം. ഇതിനിടെ സുബില്‍ ഷായുടെ ഹോട്ടൽ ഒരു സംഘം അടിച്ചു തകർത്തു
വയനാട് ചുണ്ടേൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിലാണ് വഴിത്തിരിവ്. സംഭവം അപകടമല്ല കൊലപാതകം ആണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. നവാസും സുബില്‍ ഷായും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നുണ്ടായ ആസൂത്രിത കൊലപാതകമാണ് നടന്നതെന്നുമാണ് കുടുംബത്തിൻറെ പരാതി. വൈത്തിരി പോലീസിൽ കുടുംബം ഇന്ന് പരാതി നൽകി.
സുബിൽ ഷാ നവാസിനെ വിളിച്ചു വരുത്തിയതാണ് എന്നാണ് ആരോപണം. സുബിൽഷായുടെയും നവാസിന്റെയും കടകൾ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. സിസിടിവി അടക്കം പരിശോധിച്ചാൽ കൂടുതൽ തെളിവുകൾ ലഭ്യമാകുമെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ സുബിൽഷായുടെ ചുണ്ടേലുള്ള ഹോട്ടലിൽ നേരെ ആക്രമണം ഉണ്ടായി. ഒരു സംഘം ആളുകൾ ഹോട്ടൽ അടിച്ച് തകർത്തു.
ഇന്നലെയാണ് ചുണ്ടേൽ വച്ച് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് . ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷായ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് സുബിൽ ഷായ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam