
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടക്കൽ സ്വദേശി മുജീബിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പാട് ടൗൺ മധ്യത്തിലെ ടെക്സ്റ്റൈൽസിൻ്റെ ഒന്നാം നിലയിലെ ഗോഡൗണിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഉടമയുടെ ബന്ധുക്കളിലൊരാളാണ് യുവാവ് തൂങ്ങിമരിച്ചു എന്ന വിവരം പൊലീസിനെ ആദ്യം അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം അഴിച്ച് മാറ്റിയ നിലയിൽ ആയിരുന്നു. കഴുത്തിൽ കയർ മുറുകിയ പാടുണ്ടായിരുന്നു. വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയർ സമീപത്ത് നിലത്ത് കിടപ്പുണ്ടായിരുന്നു.
മരിക്കുന്നതിന് മുമ്പ് യുവാവിന് മർദ്ദനം ഏറ്റെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക ഫലം. ടെക്സ്റ്റൈൽസ് ഉടമയ്ക്ക് പങ്കാളിത്തമുള്ള മറ്റൊരു സ്ഥാപനത്തിൽ മരിച്ച മുജീബിന് ബാധ്യത ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് തിരികെ ലഭിക്കാൻ തട്ടിക്കൊണ്ടു വന്നു മർദിച്ചു എന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ തൂങ്ങി മരണം ആത്മഹത്യ ആണെന്ന നിഗമനത്തിൽ ആണ് പൊലീസ്. കഴിഞ്ഞ ദിവസം ഒരു നമ്പറിൽ നിന്നും മുജീബിന്‍റെ ഭാര്യയുടെ ഫോണിലേക്ക് മുജീബിന്‍റെ കൈ കെട്ടിയിട്ട നിലയിൽ ഒരു ഫോട്ടോ വന്നിരുന്നു. അവശനായ നിലയിലാണ് ഫോട്ടോയിൽ യുവാവ് ഉള്ളത്. ഫോട്ടോ അയച്ച നമ്പർ ഉപയോഗിക്കുന്ന ആളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam