'കൈവിട്ട ആഘോഷം വേണ്ട'; സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കണമെന്ന് കേന്ദ്രം

By Web TeamFirst Published Aug 12, 2022, 3:30 PM IST
Highlights

ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 

ഓരോ ജില്ലയിലേയും ഒരു പ്രധാന കേന്ദ്രത്തിൽ സ്വച്ഛ്ഭാരത് ക്യാംപെയ്ൻ സംഘടിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം രണ്ടാഴ്ച മുതൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ക്യാംപെയിൻ സംഘടിപ്പിക്കാനും നിർദേശം  നൽകിയിട്ടുണ്ട്. 

കൊവിഡ് കേസുകൾ പതിനാറായിരത്തിന് മുകളിൽ

രാജ്യത്ത് ഇന്ന് 16,561 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4 കോടി 42 ലക്ഷത്തി 23,557 ആയി. നിലവിൽ രാജ്യത്ത് 1,23,535 പേർക്കാണ് രോഗബാധയുള്ളത്. 24 മണിക്കൂറിനിടെ 49 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,26,928 ആയി. 

'ഹർ ഘർ തിരംഗ' നാളെ മുതൽ; 20 കോടിയിലധികം വീടുകളിൽ ത്രിവർണ പതാക പാറും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' നാളെ മുതൽ. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.

സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകൾക്ക് മുകളിൽ ഉയർത്താനുള്ള പതാകകൾ നിർമിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ മുഖേന പതാകകൾ വീടുകളിലെത്തും. 30 രൂപയാണ് ഒരു കുട്ടിയിൽ നിന്ന് ഇതിനായി ഈടാക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പതാക വിതരണം ഇന്ന് നടക്കും. 

click me!