അയോധ്യ ഫണ്ട് പിരിവ്: വലുത് ഭഗവതിയെന്ന് രഘുനാഥപിള്ള, സിപിഎം നേതാവും പങ്കെടുത്തെന്ന് കോൺഗ്രസ്

By Web TeamFirst Published Feb 2, 2021, 3:10 PM IST
Highlights

രഘുനാഥ പിള്ളയെ ന്യായീകരിച്ചാണ് ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു രംഗത്ത് വന്നത്. വിവാദ പരിപാടിയിൽ ആർഎസ്എസ് പ്രവർത്തകരാരും പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

ആലപ്പുഴ: അയോധ്യ ഫണ്ട് പിരിവ് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്ന് ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥ പിള്ള. പാർട്ടിയേക്കാൾ വലുതാണ് ഭഗവതി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ചിലർക്കെതിരെ നടപടിയെടുത്തിരുന്നുവെന്നും അതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ വിവാദമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആലപ്പുഴ ഡിസിസിക്ക് വിശദീകരണം നൽകി.

രഘുനാഥ പിള്ളയെ ന്യായീകരിച്ചാണ് ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു രംഗത്ത് വന്നത്. വിവാദ പരിപാടിയിൽ ആർഎസ്എസ് പ്രവർത്തകരാരും പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭാരവാഹികൾ മാത്രമാണ് ഉണ്ടായിരുന്നത്. ആർഎസ്എസിന്റെ കൂപ്പണാണോയെന്നത് ശ്രദ്ധിച്ചിരുന്നില്ല. സിപിഎം വനിതാ നേതാവും ഫണ്ട് ഫണ്ട് പിരിവിൽ പങ്കെടുത്തിരുന്നു. കുമാരപുരം സ്വദേശിയും മഹിളാ അസോസിയേഷൻ നേതാവുമായ എൽ തങ്കമ്മാളാണ് പങ്കെടുത്തതെന്നും ഡിസിസി അധ്യക്ഷൻ എം ലിജു.

ആർഎസ്എസ് നടത്തുന്ന പിരിവിൽ ഒരിക്കലും കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കാൻ പാടില്ലെന്നും ലിജു പറഞ്ഞു. അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ്  കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തതാണ് വിവാദത്തിലായത്. ആർഎസ്എസ് ഫണ്ട് ശേഖരണം ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു. ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്ന് രഘുനാഥ് പിള്ള വിശദീകരിച്ചു. വിവാദം ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നായിരുന്നു ഇതിനോടുള്ള വിമർശനം.

click me!