Latest Videos

'വായ തുറക്കുന്നത് മോദിയെ ചീത്തവിളിക്കാന്‍'; ധനമന്ത്രി നാവടക്കി പണിയെടുക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍

By Web TeamFirst Published Apr 15, 2020, 8:08 PM IST
Highlights

തോമസ് ഐസക്ക് ഐസക്ക് വായ തുറക്കുന്നത് കളവ് പറഞ്ഞ് മോദിയെ ചീത്ത വിളിക്കാനും ലോകത്ത് നിന്ന് മുഴുവന്‍ കടം വാങ്ങി ഉപ്പേരിയും പുളിശ്ശേരിയും വെച്ച് ഫുഡ്ഡ് അടിക്കാനുമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നാവടക്കി പണിയെടുക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. തോമസ് ഐസക്ക് ഐസക്ക് വായ തുറക്കുന്നത് കളവ് പറഞ്ഞ് മോദിയെ ചീത്ത വിളിക്കാനും ലോകത്ത് നിന്ന് മുഴുവന്‍ കടം വാങ്ങി ഉപ്പേരിയും പുളിശ്ശേരിയും വെച്ച് ഫുഡ്ഡ് അടിക്കാനുമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി നിയന്ത്രിക്കണം. സര്‍ക്കാരിന് ബിജെപി നല്‍കിയ പിന്തുണ കൊവിഡിനെതിരെയുള്ള ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അല്ലാതെ മോദി സര്‍ക്കാരിനെ ചീത്ത വിളിക്കാനോ വിളിപ്പിക്കാനോ അല്ല. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 1700 കോടി രൂപ ലോക ബാങ്കില്‍ നിന്ന് വായ്പ വാങ്ങിയ കേരള സര്‍ക്കാര്‍ ഈ പണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. 

ശമ്പളവും മുടങ്ങിയ പെന്‍ഷനും കൊടുത്തു എന്നല്ലാതെ എന്ത് നിര്‍മ്മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയതെന്ന് ധനമന്ത്രി മറുപടി നല്‍കണം. ലഭിച്ച തുകയും ചെലവും എത്രയായി എന്നത് ധനമന്ത്രി ഇത് വരെ എന്തുകൊണ്ട് പറയുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. ഇപ്പോള്‍ പറയുന്ന പുതിയ വാദം കേന്ദ്ര സര്‍ക്കാര്‍ നയംമാറ്റി കൂടുതല്‍ പണം റിസര്‍വ്വ് ബാങ്കില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ അനുവദിക്കണമെന്നാണ്.

മറ്റ് സംസ്ഥാന ധനമന്ത്രിമാരെയും ഇതിന് വേണ്ടി ഒപ്പം കൂട്ടമെന്നാണ് ഐസക് പറയുന്നത്. ഇല്ലം മുടിച്ച് കടം വാങ്ങിക്കാന്‍ മറ്റ് ധനമന്ത്രിമാര്‍ വരുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്കിലെ ലോണ്‍ ലേലത്തില്‍ പങ്കെടുത്ത് അധിക പലിശക്കാണ് കേരളം കടമെടുത്തത്. പലിശ കൂടുതലാണന്ന് കണ്ടപ്പോള്‍ പല ധനമന്ത്രിമാരും പിന്‍വാങ്ങി. ഗുജറാത്തിന് കിട്ടിയതിനേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍ പലിശക്ക് 30 വര്‍ഷത്തെ അടവിനാണ് ഐസക് കടമെടുത്തത്.

2016ല്‍ 1,57,370 രൂപയായ ആളോഹരി മലയാളിയുടെ കടബാധ്യത മൂന്ന് വര്‍ഷം കൊണ്ട് 2 ,37 ,563 രൂപയാക്കി ഉയര്‍ത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനായ ഐസക്കാണ് റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഇഷ്ടം പോലെ നോട്ട് അടിച്ച് സംസ്ഥാനങ്ങള്‍ക്ക് കടം കൊടുക്കാന്‍ മോദി സര്‍ക്കാരിനെ ഉപദേശിക്കുന്നത്.

ഐസക്കിന്റെ ഉപദേശമനുസരിച്ചാല്‍ ഇന്ത്യ കുത്തുപാളയെടുക്കും. കേന്ദ്രഫണ്ട് നോക്കി ഇരിക്കുന്നതിന് പകരം കിഫ്ബി ഫണ്ടില്‍ നിന്ന് പണം എടുത്ത് അടിയന്തരമായി എന്ത് കൊണ്ട്  ഉപയോഗിക്കുന്നില്ല. എല്ലാ പാവപ്പെട്ടവര്‍ക്കും പതിനായിരം രൂപ കിഫ്ബി ഫണ്ടില്‍ നിന്ന് അടിയന്തര സഹായമായി കേരള സര്‍ക്കാര്‍ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടുന്നുവെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
 

click me!