
തിരുവനന്തപുരം: ബിടെക് ഓഫ് ലൈൻ പരീക്ഷകൾ മാറ്റില്ലെന്ന് എപിജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി. സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള ബിടെക് പരീക്ഷകൾ ഓഫ്‍ലൈനായി നടത്താനുള്ള തീരുമാനത്തിനെതിരെ എഐസിടിഇ കത്തെഴുതിയിരുന്നു. പരീക്ഷ ഓഫ് ലൈനായി നടത്തുന്നത് സുരക്ഷതിമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. എന്നാൽ പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സർവ്വകലാശാല വ്യക്തമാക്കുകയായിരുന്നു.
പരീക്ഷ മാറ്റണമെന്നല്ല എഐസിടിഇ ആവശ്യപ്പെട്ടതെന്നും പുനഃപരിശോധന സാധ്യത പരിഗണിക്കാൻ മാത്രമാണ് നിർദ്ദേശിച്ചതെന്നുമാണ് കെടിയു വിശദീകരണം. പരീക്ഷക്കെടുത്ത മുൻകരുതലുകൾ എഐടിസിഇയെ അറിയിക്കുമെന്നും സാങ്കേതികസർവകലാശാല വ്യക്തമാക്കി.
ജൂലൈ 9 മുതൽ തുടങ്ങിയ പരീക്ഷകൾ, ഇതര സർവകലാശാലകളിൽ നടന്നുവരുന്നത് പോലെ ഓഫ്ലൈനായിതന്നെ തുടരുമെന്ന് കെടിയു വൈസ് ചാൻസലർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ വീടിന് സമീപമുള്ള എൻജിനീയറിങ് കോളേജുകളിൽ തന്നെ പരീക്ഷ എഴുതുവാനുള്ള പ്രത്യേക അനുമതിയും നൽകിയിട്ടുണ്ടെന്നാണ് വിശദീകരണം. സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണമെന്ന് കോളേജുകൾക്ക് സർവ്വകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് രോഗബാധ മൂലമുള്ള പ്രശ്നങ്ങളാൽ ഈ പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര ബുദ്ധിമുട്ടുകൾ മൂലം പരീക്ഷകളിൽ പങ്കെടുക്കുവാനാകാത്ത അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും ഒരു അവസരം കൂടി നൽകുമെന്ന വിവരം യൂണിവേഴ്സിറ്റി നേരത്തെതന്നെ അറിയിച്ചിരുന്നു. ഇത് വിദ്യാർത്ഥികളുടെ ആദ്യ റെഗുലർ ചാൻസ് ആയി തന്നെ പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam