കറുപ്പണിഞ്ഞ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം; സ്വന്തം പാർട്ടിയിലും നീതി വേണ്ടേയെന്ന് വി ഡി സതീശനോട് ബാബു ദിവാകരൻ

Published : Mar 13, 2026, 11:58 AM ISTUpdated : Mar 13, 2026, 12:15 PM IST
babu divakaran

Synopsis

അടൂർ സീറ്റിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. കറുത്ത വസ്ത്രം ധരിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച അദ്ദേഹം, വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ രാജി പിൻവലിക്കുമെന്നും വ്യക്തമാക്കി.

പത്തനംതിട്ട: കറുത്ത വസ്ത്രം ധരിച്ച് അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരന്‍റെ പ്രതിഷേധം. അടൂർ സീറ്റിൽ പരിഗണിക്കാതിരുന്നതിനെ തുടർന്നായിരുന്നു പ്രതിഷേധം. പാർട്ടിയിലെ എല്ലാ ചുമതലകളും രാജിവെയ്ക്കുന്നുവെന്ന് ബാബു ദിവാകരൻ വ്യക്തമാക്കി. ജീവിതത്തിലെ പ്രതിസന്ധികൾ വൈകാരികമായി വിവരിക്കുകയും ചെയ്തു. കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും അടൂർ നഗരസഭാ മുൻ ചെയർമാനുമാണ് ബാബു ദിവാകരൻ.

സംവരണ മണ്ഡലങ്ങളിൽ എന്തെങ്കിലും ആകട്ടെ എന്നാണോ കോൺഗ്രസ് നിലപാടെന്ന് ബാബു ദിവാകരൻ ചോദിക്കുന്നു. കേരളത്തിൽ ആകെ നീതിക്കായി വി ഡി സതീശൻ ശബ്ദമുയർത്തുന്നു, സ്വന്തം പാർട്ടിയിലും അത് വേണ്ടേ എന്നാണ് ബാബു ദിവാകരന്‍റെ ചോദ്യം. താൻ ഏറെ ബഹുമാനിക്കുന്ന ആളാണ് സതീശൻ. പദവികൾ രാജിവച്ചെങ്കിലും മറ്റ് പാർട്ടിയിലേക്ക് പോകില്ല. അടൂരിൽ വിജയസാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിച്ചാൽ താൻ രാജി പിൻവലിക്കുമെന്നും ബാബു ദിവാകരൻ വ്യക്തമാക്കി. അഡ്വക്കേറ്റ് സി വി ശാന്തകുമാറിനെ അടൂരിൽ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് ബാബു ദിവാകരന്‍റെ രാജി.

സുധാകരന്‍റെ വൈകാരിക കുറിപ്പ്

അതിനിടെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ദില്ലിയിലെത്തിയ കെ സുധാകരൻ കടുത്ത അതൃപ്‌തിയിൽ നാട്ടിലേക്ക് മടങ്ങി. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരന്‍റെ പ്രതിഷേധം. എംപിമാർ മത്സരിക്കണോ വേണ്ടയോ എന്നതുൾപ്പെടെ വിവിധ കാര്യങ്ങളിൽ കോൺ​ഗ്രസിൽ തർക്കം തുടരുകയാണ്. പിന്നാലെ വൈകാരിക കുറിപ്പുമായി സുധാകരൻ രംഗത്തെത്തി.

"കണ്ണൂർ എന്നത് എന്‍റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും കത്തിയിൽ നിന്നും അരിവാളിൽ നിന്നും ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതു പോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നിൽക്കും"- എന്നാണ് കുറിപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുധാകരന് അതൃപ്തിയില്ലെന്ന് ചെന്നിത്തല, വാർത്ത മാധ്യമസൃഷ്ടിയെന്ന് കെസി; അയയാതെ കെ സുധാകരൻ
മന്ത്രി സജി ചെറിയാനെതിരായ എംഎം മണിയുടെ പരാമർശം: സംഘാ‌‌ടകർക്ക് പിഴവ് പറ്റിയെന്ന് വിലയിരുത്തൽ, ദോഷം ചെയ്യുമോയെന്ന ആശങ്കയിൽ സിപിഎം നേതൃത്വം