ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഒന്നര മീറ്റർ വരെ ഉയർത്താൻ തീരുമാനിച്ചു. ഇതിന്റെ ഫലമായി തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകി

തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ,കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വെള്ളം ഇറങ്ങിയതോടെ ശുചീകരിച്ച് താമസത്തിന് തയ്യാറെടുക്കുന്നതോടെയാണ് വീണ്ടും വെള്ളം കയറിയത്.

ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴയാണ് ലഭിക്കുന്നത്. ചെറുതോണി കട്ടപ്പന പാതയിലും വണ്ണപ്പുറം ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്.

8 മണി അറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.