
കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് നാട്ടിലേക്ക് തിരിച്ച കെ സുധാകരൻ്റെ വീട്ടിലേക്ക് ഒഴുകിയെത്തി അനുനായികൾ. സുധാകരപക്ഷത്തുള്ള അനുയായികളോട് വീട്ടിലെക്കെത്താൻ ആഹ്വാനം ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് പാർട്ടി പ്രവർത്തകർ എത്തിത്തുടങ്ങിയത്. ദില്ലിയിലെ യോഗത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു കെ സുധാകരൻ. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരൻ്റെ ആവശ്യം. എന്നാൽ ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ചു എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. അതേസമയം, സുധാകരൻ്റെ നീക്കത്തിൽ ഞെട്ടലിലാണ് കോൺഗ്രസ്. മുതിർന്ന നേതാവിൻ്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം.
സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങാത്തതിൽ അതൃപ്‌തിയിലാണ് നേതൃത്വം. അസമിലെയും, കേരളത്തിലെയും സാഹചര്യം താരതമ്യം ചെയ്യരുതെന്നും നേതൃത്വം പറയുന്നു. ഗൗരവ്ഗോഗോയ് എംപിക്ക് നിയമസഭ തെരഞ്ഞെുപ്പിൽ മത്സരിക്കാൻ അനുമതി നൽകിയിരുന്നു. ഇക്കാര്യവും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ്റെ ആവശ്യമെന്നാണ് സൂചന. അതിനിടെ, കെ സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. കെ സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തം തന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും സുധാകരൻ കരുത്തനായ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സുധാകരൻ്റെ വീട്ടിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
അതിനിടെ, ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി സുധാകരൻ രംഗത്തെത്തി. കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസവുമാണെന്നും സുധാകരൻ പോസ്റ്റിൽ പറയുന്നു. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച തന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ തനിക്കൊരിക്കലും സാധിക്കില്ലെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam