കോന്നിയില്‍ തോറ്റതിന് തമ്മിലടി: ഡിസിസിയെ പഴിച്ച് അടൂര്‍ പ്രകാശ്, തിരിച്ചടിച്ച് ബാബു ജോര്‍ജ്

By Web TeamFirst Published Oct 26, 2019, 1:42 PM IST
Highlights

തോൽവിയുടെ ഉത്തരവാദിത്വം ഡിസിസിയിൽ പ്രകാശ് കെട്ടിവെക്കുമ്പോൾ ഡിസിസിയുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് കെപിസിസി ആണെന്ന് ബാബു ജോര്‍ജ് തിരിച്ചടിച്ചു

പത്തനംതിട്ട: സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയും പത്തനംതിട്ട ഡിസിസിയുടെ വീഴ്ചയും കോന്നി തോൽവിക്ക് കാരണമായെന്ന വിമർശനവുമായി അടൂർ പ്രകാശ്. എന്നാൽ ഡിസിസിക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും നേതൃത്വം ആവശ്യപ്പെട്ടാൽ മാറി നിൽക്കാമെന്നുമായിരുന്നു ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിന്‍റെ പ്രതികരണം. കോന്നിയിലേറ്റ കനത്ത തോല്‍വിയില്‍ ഇതുവരെ മൗനത്തിലായിരുന്ന അടൂര്‍പ്രകാശ് പത്തനംതിട്ട ഡിസിസിയെ പഴിച്ചാണ് ആദ്യപ്രതികരണം നടത്തിയിരിക്കുന്നത്. ഒപ്പം താൻ മുന്നോട്ട് വെച്ച റോബിൻ പീറ്ററെ മാറ്റിയതും തോൽവിയുടെ കാരണമാണെന്നാണ് അടൂര്‍ പ്രകാശിന്‍റെ വിലയിരുത്തൽ. താൻ നിർദ്ദേശിച്ച പേര് ഒഴിവാക്കിയിട്ടും പ്രചാരണത്തിൽ സജീവമായിരുന്നു. പക്ഷെ ഡിസിസിയുടെ നിലപാടുകൾ ജനം തള്ളിയെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. 

തോൽവിയുടെ ഉത്തരവാദിത്വം ഡിസിസിയിൽ പ്രകാശ് കെട്ടിവെക്കുമ്പോൾ ഡിസിസിയുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് കെപിസിസി ആണെന്ന് ബാബു ജോര്‍ജ് മറുപടി നല്‍കി. അടൂര്‍ പ്രകാശ് രൂക്ഷമായി വിമര്‍ശിച്ചതായി തോന്നുന്നില്ല. പാളിച്ച ഉണ്ടെങ്കില്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായിരുന്നു പ്രചാരണത്തിന്‍റെ ചുമതലയന്നും സ്ഥാനാര്‍ത്ഥി പരാതി ഒന്നും നല്‍കിയിട്ടില്ലെന്നും ബാബു ജോര്‍ജ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടി നിർദ്ദേശം ലംഘിച്ച് പരസ്യമായി വിഴുപ്പലക്കലുകൾ തുടരുന്നതിനിടെ പരാജയം വിലയിരുത്താനുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചു. നേതാക്കളുടെ അസൗകര്യം മൂലമാണ് തീയതി മാറ്റമെന്നാണ് വിശദീകരണം. അതേസമയം കോന്നിയിലെ  തോൽവി വരും ദിവസങ്ങളിൽ  പാർട്ടിക്കകത്ത് കൂടുതൽ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നാണ് ഇരുനേതാക്കളുടെയും പരസ്യപ്രതികരണം വ്യക്തമാക്കുന്നത്.

അടൂർ പ്രകാശിന് ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷം ലഭിച്ച നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്സ്  ഇത്തവണ കാഴ്ചവച്ചത് ദയനീയ പ്രകടനമായിരുന്നു. ആദ്യ റൗണ്ടില്‍ ഒഴികെ ഒരിക്കൽ പോലും  മുന്നിലെത്താൻ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹൻരാജിന് കഴിഞ്ഞിരുന്നില്ല. യുഡിഎഫ് ഭരിക്കുന്ന ആറ് പഞ്ചായത്തുകളില്‍ നിന്നും പാർട്ടി  പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല. പ്രമാടം,കോന്നി ഉൾപ്പെടെ നിർണായക സ്വാധീനമുള്ള പഞ്ചായത്തുകളും തുണച്ചില്ല. പ്രമാടത്ത്  നല്ലൊരു ശതമാനം വോട്ടുകള്‍ പോൾ ചെയ്യപ്പെടാതിരുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. പ്രവർത്തകരുടെ നിസ്സഹകരണത്തിനൊപ്പം കാലുവാരലും നടന്നുവെന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജില്ലാ നേതൃത്വം വിലയിരുത്തിയത്. ഐ ഗ്രൂപ്പിന്‍റെ സീറ്റ് എ  ഗ്രൂപ്പിന് വെച്ചുമാറിയതടക്കം, സ്ഥാനാർത്ഥിത്വം മുതൽ ഉടലെടുത്ത പ്രശ്നങ്ങൾ  തന്നെയാണ് കോൺഗ്രസ്സിന്‍റെ പ്രതീക്ഷകൾ തല്ലികെടുത്തിയത്. അടൂർ പ്രകാശിനെ അനുനയിപ്പിച്ചെന്ന് നേതൃത്വം ആവർത്തിച്ചപ്പോഴും  അസംതൃപ്തി പലഘട്ടത്തിലും മറനീക്കി പുറത്ത് വന്നിരുന്നു. കൊട്ടികലാശത്തിൽ നിന്നടക്കം അടൂർ പ്രകാശ് വിട്ടുനിന്നതും ഇതിന് തെളിവായിരുന്നു. 


 

click me!