ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ദില്ലിയിലേക്ക് ട്രെയിനിൽ പുറപ്പെടുന്നത്. എംആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ ട്രെയിൻ യാത്രാസംഘത്തിൽ ആർ ശ്രീലേഖ ഇല്ലെന്ന് വിവരം. ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ദില്ലിയിലേക്ക് ട്രെയിനിൽ പുറപ്പെടുന്നത്. എംആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം, വിമാനമാർഗം ശ്രീലേഖ എത്തുമോയെന്ന കാര്യം അറിയില്ലെന്ന് ബിജെപി കൗൺസിലർമാർ പ്രതികരിച്ചു.
ട്രെയിൻ യാത്രക്കായി എല്ലാവർക്കും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതെന്നും കൗൺസിലർമാർ പറയുന്നു. എന്നാൽ വിമാനമാർഗം ആർ ശ്രീലേഖ എത്തുമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്ചയാണ് മോദിയുമായുളള കൂടിക്കാഴ്ച നടക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് മേയറുടേയും കൗൺസിലർമാരുടേയും ദില്ലിയിലേക്കുള്ള യാത്ര.
നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു. തലസ്ഥാന നഗരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ അറിയിച്ചു.


