'പെരുമ്പാവൂരില്‍ കാലുവാരി'; സിപിഎം നേതാക്കൾക്കെതിരായ നടപടി കുറഞ്ഞുപോയെന്ന് ബാബു ജോസഫ്

By Web TeamFirst Published Sep 15, 2021, 11:48 AM IST
Highlights

സിപിഎം ചോദിച്ചപ്പോഴൊക്കെ പ്രചാരണത്തിനായി പണം നല്‍കിയെങ്കിലും ഒന്നും എങ്ങുമെത്തിയില്ലെന്നും ബാബു ജോസഫ് പറഞ്ഞു. 
 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ എൽഡിഎഫ് പരാജയത്തിന് ഉത്തരവാദികളായ സിപിഎം നേതാക്കൾക്കെതിരെ പാർട്ടി സ്വീകരിച്ച നടപടി കുറഞ്ഞുപോയെന്ന് വിമർശനം. പെരുമ്പാവൂരില്‍ സിപിഎം പ്രാദേശിക നേതാക്കൾ കാലവാരിയതാണ് തന്‍റെ തോൽവിക്ക് കാരണമെന്നാണ് കേരളാ കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗവും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ബാബു ജോസഫിന്‍റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ് അംഗം എൻ സി മോഹനനെതിരായ നടപടി പാർട്ടി ശാസനയിൽ ഒതുങ്ങിയതിലാണ് അതൃപ്തി.

സ്ഥാനാർഥി നി‍ർണ്ണയത്തിന്‍റെ അവസാന നിമിഷം കേരളാ കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയത് മുതലാണ് പെരുമ്പാവൂരില്‍ അസംതൃപ്‍തി തുടങ്ങിയത്. പ്രചാരണത്തിനായി ആവശ്യത്തിന് പണവും സംവിധാനങ്ങളുമടക്കം സകലതും നൽകിയിട്ടും കാലുവാരി. പോസ്റ്ററുകളും ലഘുലേഖകളുമടക്കം പാ‍ർട്ടി ഓഫീസുകളിൽ കെട്ടിക്കിടന്നു. തോൽവിക്ക് ഉത്തരവാദികളായവർക്ക് നൽകിയ പരസ്യ ശാസന സിപിഎം അച്ചടക്ക നടപടികളിൽ ഏറ്റവും വലുതാണെങ്കിൽ അംഗീകരിക്കുന്നുവെന്നും ബാബു ജോസഫ് പറഞ്ഞു. ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ സി മോഹനന്‍റെ മറുപടി.  എന്നാൽ ബാബു ജോസഫിന്‍റെ നിലപാട് ഒറ്റപ്പെട്ട സംഭവമാണെന്നും വ്യക്തിപരമായ ബുദ്ധിമുട്ടാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും കേരളാ കോൺഗ്രസ് എം സംസ്ഥാന നേതൃത്വം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!