അമ്മ ചെരിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി

By Web TeamFirst Published Jan 23, 2021, 4:12 PM IST
Highlights

ഇന്ന് രാവിലെയാണ് കാട്ടാറിന് അടുത്ത് 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: വിതുരയ്ക്ക് അടുത്ത് കല്ലാറിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മറവ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പത്ത് വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ചെരിഞ്ഞ ആനയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. 

ഇന്ന് രാവിലെയാണ് കാട്ടാറിന് അടുത്ത് 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ചെരിഞ്ഞ ആനയ്ക്കൊപ്പം കുട്ടിയാനയുമുണ്ടായിരുന്നു. 

ജീവൻ നഷ്ടമായ തള്ളയാനയെ വിട്ടു പോകാൻ തയ്യാറാവാതിരുന്ന കുട്ടിയാന അമ്മയാനയെ തൊട്ടും തലോടിയും മണിക്കൂറുകളോളം ഒപ്പം നിന്നു. കുട്ടിയാനയെ  സ്ഥലത്ത് മാറ്റിയാൽ മാത്രമേ ചെരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടത്താനാവൂ എന്നതിനാലും ചെറിയ പ്രായത്തിലുള്ള കുട്ടിയാനയെ കാട്ടിലേക്ക് കയറ്റി വിടുന്നത് അപകടകരമാണെന്നതിനാലുമാണ് ആനയെ കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

പ്രാഥമിക പരിശോധനയിൽ ആനയുടെ മരണകാരണം കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ പോസ്റ്റ്മോർട്ടത്തിലൂടെ മരണകാരണം വ്യക്തമാവും എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ആന ചെരിഞ്ഞത്. രാവിലെ ഇവിടെ റബ്ബർ വെട്ടാൻ എത്തിയവരാണ് ചെരിഞ്ഞ നിലയിൽ ആനയേയും ഒപ്പമുള്ള കുട്ടിയാനയേയും കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിൻ്റെ പാലോട് റേഞ്ച് ഓഫീസർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

ആനയെ ആരും വേട്ടയാടിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും എന്തെങ്കിലും അസുഖം മൂലം ആന ചെരിഞ്ഞതാണോയെന്ന് സംശയമുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിയാനയെ കൂടാതെ വേറെ ആനകളുടെ സാന്നിധ്യമൊന്നും പ്രദേശത്ത് തിരിച്ചറിയാനായിട്ടില്ല. 
 

click me!