തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞതെന്നും വിഡി സതീശൻ. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്നും ഓരോ ചാനലിലും ഓരോ സ്ഥാനാർഥികളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർക്കും സീറ്റിന്‍റെ കാര്യത്തിൽ ഉറപ്പു കൊടുത്തിട്ടില്ല. അടൂരിലടക്കം എവിടെയും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണ്.ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞത്. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല. സീറ്റിനായി ആളുകൾ നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. മുപ്പത് വർഷം മുമ്പ് താനും ഇതുപോലെ നേതാക്കളെ കണ്ടിട്ടുണ്ട്.സി പി എമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനത്തിൽ കേരളത്തിന് ഉത്കണ്ഠയുണ്ട്. കോടതി പറയുന്നത് കോടതിയുടെ അഭിപ്രായമാണെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം,കെ സുധാകരന്റെ നിലപാടിൽ കണ്ണൂരിലെ ജില്ലാ നേതാക്കൾ അതൃപ്തിയിലാണ്. ജില്ലയിലെ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കെപിസിസിയെ സമീപിച്ചിരിക്കുകയാണ് നേതാക്കൾ. ഇന്നലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരൻ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ വളരെ വൈകാരികമായ കുറിപ്പും ഫേസ്ബുക്കിലിട്ടു. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.
അതിനിടെ, കെ സുധാകരന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ദീപാ ദാസ് മുൻഷി രംഗത്തെത്തി. എംപിമാർ മത്സരിക്കുന്നതിൽ ഇതുവരെ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് മത്സര സന്നദ്ധത അറിയിക്കാനുള്ള അവകാശമുണ്ടെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. നിലവിൽ ഹൈക്കമാന്റുമായി ചർച്ചകളൊന്നും നടക്കുന്നില്ല. കണ്ണൂരിന് മാത്രമല്ല കേരളത്തിൻറെ ആകെ കരുത്തുറ്റ നേതാവാണ് അദ്ദേഹമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. അതേസമയം, കണ്ണൂർ സീറ്റിൽ അയയാതെ തുടരുകയാണ് കെ സുധാകരൻ. താൻ മത്സരിച്ചാൽ ജില്ലയിലുടനീളം ഗുണം ചെയ്യുമെന്നാണ് സുധാകരൻ്റെ വാദം. തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് ആവർത്തിക്കും. എന്നാൽ അനുനയചർച്ച തുടരുകയാണ് കോൺഗ്രസ്. നിർണായക തെരഞ്ഞെടുപ്പ് സമിതി മറ്റന്നാൾ നടക്കും.



