കൊച്ചി കോർപ്പറേഷനിൽ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം കിട്ടിയില്ല, സിപിഎം കൗൺസിലർ പാർട്ടി വിട്ടു

By Web TeamFirst Published Jan 23, 2021, 3:23 PM IST
Highlights

ഭരണം തുടരാൻ സഹായിക്കുന്ന രണ്ട് യുഡിഎഫ് വിമതർക്കും എൽഡിഎഫ് ആരോഗ്യകാര്യം,നഗരാ ആസൂത്രണം സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങൾ നൽകി.യുഡിഎഫിന് ലഭിച്ച ഏക സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം ആ‌ർഎസ്പി കൗൺസിലർക്കാണ്

കൊച്ചി: കോർപ്പറേഷനിൽ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെ ചൊല്ലി സിപിഎം കൗൺസിലർ പാർട്ടി വിട്ടു. മട്ടാഞ്ചേരി ഡിവിഷൻ കൗൺസിലർ എംഎച്ച്എം അഷ്റഫാണ് സിപിഎം വിട്ട് പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചത്.ഇതിനിടെ കൊച്ചി കോർപ്പറേഷനിൽ ചരിത്രത്തിൽ ആദ്യമായി സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി അംഗം തെരഞ്ഞെടുക്കപ്പെട്ടു.

സ്ഥിരം സമിതി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ നൽകിയ ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച,സിപിഎം മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമായ എംഎച്ച്എം അഷ്റഫ് നാടകീയ രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന പൊതുമരാമത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എംഎച്ച്എം അഷ്റഫ് തന്‍റെ വോട്ട് അസാധുവാക്കിയിരുന്നു. ഇതോടെയാണ് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം യുഡിഎഫിന് കിട്ടിയത്. എംഎച്ച്എം അഷ്റഫ് പിന്തുണ പിൻവലിച്ചപ്പോൾ ഇത് വരെ നിലപാട് പ്രഖ്യാപിക്കാതിരുന്ന എൽഡിഎഫ് വിമതൻ കെ പി ആന്‍റണി അനുകൂലമായത് ഇടത് മുന്നണിക്ക് ആശ്വാസമായി. എന്നാൽ വരും ദിവസങ്ങളിൽ എൽഡിഎഫിൽ നിന്ന് കൂടുതൽ രാജികളുണ്ടാകുമെന്നാണ് യുഡിഎഫ് പറയുന്നത്.

ഭരണം തുടരാൻ സഹായിക്കുന്ന രണ്ട് യുഡിഎഫ് വിമതർക്കും എൽഡിഎഫ് ആരോഗ്യകാര്യം,നഗരാ ആസൂത്രണം സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങൾ നൽകി.യുഡിഎഫിന് ലഭിച്ച ഏക സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം ആ‌ർഎസ്പി കൗൺസിലർക്കാണ്. നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷയായി ബിജെപി കൗൺസിലർ തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ്സ് സഹായം കൊണ്ടാണെന്ന് മേയർ എം അനിൽകുമാർ ആരോപിച്ചു. 3 വിമതരുടെ പിന്തുണയിൽ 37 കൗൺസിലർമാരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം. 33  പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. 

click me!