
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിൽ പിൻവാതിൽ നിയമനത്തിന് നീക്കം. കണ്‍സ്യൂമര്‍ ഫെഡിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തിരക്കിട്ട നീക്കം നടക്കുന്നത്. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്‍റെയും എതിര്‍പ്പ് മറികടന്ന് 1017 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം. കണ്‍സ്യൂമര്‍ ഫെഡിന് കോടികളുടെ സഞ്ചിത നഷ്ടമാണുള്ളത്. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണ് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്. ഡാറ്റാ എന്‍ട്രി,സെയിൽസ്, ഹെൽപ്പര്‍ തസ്തികകളിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ 2021ലാണ് ഭരണസമിതി തീരുമാനിച്ചത്. കണ്‍സ്യൂമര്‍ ഫെഡിന്‍റെ സമീപകാല വളര്‍ച്ചയിൽ പങ്ക് വഹിച്ചവരാണ് ഇവരെന്നാണ് ഭരണമിതിയുടെ അഭിപ്രായം. മറ്റൊരു ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ മാനുഷിക പരിഗണന വെച്ച് ഇവരെ സ്ഥിരിപ്പെടുത്തണമെന്നാണ് ആവശ്യം.
എന്നാൽ, ഈ ആവശ്യം സഹകരണ വകുപ്പ് തള്ളി. നഷ്ടത്തിലോടുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ സാമ്പത്തിക സ്ഥിതിയെ സ്ഥിരപ്പെടുത്തൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്. സ്ഥിരപ്പെടുത്തൽ ചട്ടവിരുദ്ധവുമാണ്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനും വിരുദ്ധമാണെന്ന് വ്യക്തമാക്കി സഹകരണ വകുപ്പ് സെക്രട്ടറി 2022ൽ മറുപടി നൽകി. എന്നാൽ, കണ്‍സ്യൂമര്‍ ഫെഡ് പിന്മാറിയില്ല. ഇതോടെ 2024 ൽ സഹകരണ വകുപ്പ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. സര്‍വീസ് സമഗ്ര പരിഷ്കരണത്തെക്കുറിച്ചുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് സഹകരണ വകുപ്പ് മുന്‍പാകെ എത്തി. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാൻ സഹകരണ മന്ത്രി തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാർ തൊഴിൽ സുരക്ഷയ്ക്ക് അർഹരെന്ന് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ആർ. ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam