അഭയ കേസ് പ്രതികൾക്ക് ജാമ്യം, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പുറത്തിറങ്ങാം

Published : Jun 23, 2022, 10:28 AM ISTUpdated : Jun 23, 2022, 10:49 AM IST
അഭയ കേസ് പ്രതികൾക്ക് ജാമ്യം, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പുറത്തിറങ്ങാം

Synopsis

അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. 

കൊച്ചി: അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. 

2021 ഡിസംബർ 23-നായിരുന്നു  അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർ‍ജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ തോമസ് കോട്ടൂരിനും സെഫിക്കും ജയിൽ വകുപ്പ് പരോൾ അനുവദിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 

ശിക്ഷാ വിധി എന്തായിരുന്നു?

ഒന്നാം പ്രതി തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും. കോൺവെൻറിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും. തെളിവ് നശിപ്പിച്ചത് 7 വർഷം തടവും അൻപതിനായിരം പിഴയും. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും. തെളിവ് നശിപ്പിക്കലിന് 7വർഷം തടവും അൻപതിനായിരം പിഴയും. പ്രതികൾ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണം. ഇതായിരുന്നു അഭയ കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിധിച്ച ശിക്ഷ. 

നിരപരാധിയാണെന്ന് വിധി പ്രഖ്യാപനത്തിന് മുമ്പ് തോമസ് കോട്ടൂർ വാദിച്ചിരുന്നു. കാൻസർ രോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോട്ടൂർ അവസാനം വരെയും വാദിച്ചു. രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും ഇളവ് വേണമെന്നും സിസ്റ്റർ സെഫിയും കോടതിയോട് ആവശ്യപ്പെട്ടു. ഇരുവരുടേയും അഭിഭാഷകരുടെയും വാദം ശിക്ഷാ ഇളവിന് വേണ്ടിയായിരുന്നു. പക്ഷെ രക്ഷിക്കേണ്ടവർ തന്നെയാണ് അഭയയെ കൊന്നതെന്നും പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 

അട്ടിമറികളുടെ ചരിത്രമുള്ള കേസ്

തുടക്കം മുതൽ അട്ടിമറി. ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും  ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർ‍ട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ മുതലുള്ളവർ രേഖകളിൽ തിരുത്തൽ വരുത്തിയതിന് ആരോപണവിധേയരാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിയിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്ക് മുന്നിൽ പൊലീസ് മുട്ടുക്കുത്തിയപ്പോള്‍ തോമസ് ഐക്കരക്കുന്നേലെന്ന കർഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാൾക്കാർ പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ പണത്തിനും സ്വാധീനത്തിനും മേൽ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. കേസ് സർക്കാർ സിബിഐക്ക് വിട്ടു.

രണ്ടാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈം ബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി.തോമസിന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി.  ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ജോമോൻ പുത്തൻ പുരയ്ക്കൽ നൽകിയ ഹ‍ർജിയിൽ നിന്നാണ് കോടതി ഇടടപെൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടെത് കൊലപാതമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി.

28 വർഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ.തോമസ് കോട്ടൂരിനെയും ഫാ.ജോസ് പുതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോ പരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്.  ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്റ്റിനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 

കേസട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെ ടി മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്പേ സാമുവൽ മരിച്ചു. വിടുതൽ ഹ‍ർജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെ ടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാൻ പ്രതികളുടെ ശ്രമം.

ഒടുവിൽ സുപ്രീംകോടതി നിർദ്ദശ പ്രാകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. വീണ്ടും അട്ടിമറി. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 8 സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ ഒടുവിൽ വിധി വന്നത്. ഇപ്പോൾ കേസിൽ പ്രതികളായ രണ്ട് പേർക്കും ജാമ്യം. 

തത്സമയസംപ്രേഷണം:

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ