ബേക്കറികൾ തുറക്കും; കമ്യൂണിറ്റി കിച്ചണിന് സഹായം വാഗ്ദാനം ചെയ്ത് ഹോട്ടലുടമകളും കാറ്ററിങ് സ്ഥാപനങ്ങളും

By Web TeamFirst Published Mar 26, 2020, 7:49 PM IST
Highlights

സംസ്ഥാനത്തെ ഹോട്ടലുടമകളുടെ സംഘടന 800 ൽ പരം ഹോട്ടലുകൾ ഭക്ഷണം ഉണ്ടാക്കാൻ സന്നദ്ധത അറിയിച്ചു. പത്ത് ലക്ഷം രൂപയുടെ സാനിറ്റൈസറും രണ്ട് ലക്ഷം മാസ്കുകളും നൽകാമെന്ന് സർക്കാരിനോട് വാഗ്ദാനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചൺ എന്ന ആശയത്തിന് പൂർണ്ണ പിന്തുണയുമായി ഹോട്ടലുടമകളും കാറ്ററിങ് സ്ഥാപനങ്ങളും രംഗത്തെത്തി. അതേസമയം എല്ലാവരും വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ ബേക്കറി ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരുണ്ടാകുമെന്ന് മനസിലാക്കി ബേക്കറി സ്ഥാപനങ്ങൾ തുറക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്തെ ഹോട്ടലുടമകളുടെ സംഘടന 800 ൽ പരം ഹോട്ടലുകൾ ഭക്ഷണം ഉണ്ടാക്കാൻ സന്നദ്ധത അറിയിച്ചു. പത്ത് ലക്ഷം രൂപയുടെ സാനിറ്റൈസറും രണ്ട് ലക്ഷം മാസ്കുകളും നൽകാമെന്ന് സർക്കാരിനോട് വാഗ്ദാനം ചെയ്തു. അത്തരമൊരു തീരുമാനം എടുത്തതിന് അവരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കമ്യൂണിറ്റി കിച്ചണുകൾക്കായി ആവശ്യമായ സാധനങ്ങൾ നൽകാമെന്ന കാറ്ററിങ് സ്ഥാപനങ്ങളുടെ വാഗ്ദാനവും അഭിനന്ദനീയമാണ്. ഭക്ഷണ സാധനങ്ങളും അവശ്യ സാധനങ്ങളും കൊണ്ടുപോകുന്നതിന് തടസം ഉണ്ടാകരുത്. അത് പൊലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബേക്കറി ഉൽപ്പന്നങ്ങൾ ആവശ്യമായി വരും. അതുകൊണ്ട് സംസ്ഥാനത്തെ എല്ലാ ബേക്കറികളും തുറന്ന് പ്രവർത്തിപ്പിക്കും. എല്ലാവരും വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ വിവിധ പ്രായത്തിലുള്ളവർക്ക് ബേക്കറി ഉൽപ്പന്നങ്ങളും വേണ്ടിവരും. അതിന് ബുദ്ധിമുട്ട് നേരിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

click me!