ബാലഭാസ്കറിന്‍റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Published : Jun 08, 2019, 11:40 AM ISTUpdated : Jun 08, 2019, 12:38 PM IST
ബാലഭാസ്കറിന്‍റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Synopsis

വയലിനിസ്റ്റ് ബാലഭാസ്ക്കറിൻറെ മരണത്തിലെ ദുരൂഹതയേറുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

തിരുവനന്തപുരം: സ്വർണകടത്തുകേസിൽ കാക്കനാട് ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് തുടങ്ങി. ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകളില്‍ വ്യക്തവരുത്തുന്നതിനായി ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡിആർഐ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് ജയിലിൽ കഴിയുന്നത്.

അപകടത്തിന് മുമ്പ് ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതോടെ മരണത്തിലെ ദുരൂഹത ഏറിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യം പിന്നീട് കടയുടമ നിഷേധിച്ചു. ഇത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യല്‍. 

ഡിആർഐയുടെ കസ്റ്റഡിയിലുള്ള പ്രകാശ് തമ്പിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി ഹരികൃഷ്ണൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാൻ കോടതി അനുമതി നൽകിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി പരിശോധിച്ചത് എന്തിന്, ബാലഭാസ്കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്കറിന്റെ മരണശേഷം മൊബൈൽ ഫോൺ ക്രെഡിറ്റ് കാർഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചാകും പ്രകാശ് തമ്പിയിൽ നിന്ന് മൊഴിയെടുക്കുക. 

ഇതിനിടെ, മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണിയും അപകട സ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവൻ സോബിയും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ആരും കൊണ്ടുപോയിട്ടില്ലെന്ന് കൊല്ലത്തെ ജൂസ് കടക്കാരൻ മൊഴിമാറ്റിയത് ആരെയോ പേടിച്ചിട്ടാകാം എന്നാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി പറയുന്നത്. ഈ ദൃശ്യങ്ങൾ പ്രകാശ് തമ്പി കൊണ്ടുപോയി എന്നായിരുന്നു ക്രൈംബ്രാഞ്ചിനോട് ജൂസ് കടക്കാരൻ ഷംനാദ് ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നില്‍ ഇയാള്‍ നിലപാട് മാറ്റുകയായിരുന്നു. 

അതേസമയം അപകടം നടന്ന പള്ളിപ്പുറത്തെ സ്ഥലം ഒരുകൂട്ടം ആളുകളുടെ നിയന്ത്രണത്തിലായിരുന്നു എന്ന് കലാഭവൻ സോബി പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേർ ദുരൂഹസാഹചര്യത്തിൽ ഓടി പോകുന്നത് കണ്ടു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ സാക്ഷിയാണ് സോബി. അതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം