
കൊച്ചി: ദിലീപ് കേസിലെ (Dileep Case) വിഐപി താനല്ലെന്ന് വ്യക്തമാക്കി കോട്ടയം സ്വദേശി മെഹബൂബ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. മെഹബൂബാണ് വിഐപി യെന്ന് പറഞ്ഞിരുന്നില്ല. അദ്ദേഹം പരസ്യമായി രംഗത്ത് വന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. വിഐപി ആരെന്ന് തിരിച്ചറിയാനുള്ള പൊലീസിൻ്റെ നീക്കം അന്തിമഘട്ടത്തിലാണ്. മുന്ന് പേരുടെ ശബ്ദ സാമ്പിളുകളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപ് കേസിലെ വിഐപി താനല്ലെന്ന് വ്യക്തമാക്കി കോട്ടയം സ്വദേശി മെഹബൂബ് ഇന്നാണ് രംഗത്തെത്തിയത്. മൂന്ന് കൊല്ലം മുമ്പ് ഒരുതവണ മാത്രമാണ് ദിലീപിന്‍റെ വീട്ടില്‍ പോയത്. ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനായിരുന്നു അന്ന് പോയത്. അതിന് കേസുമായി ഒരു ബന്ധവുമില്ല. ദിലീപിന്‍റെ സഹോദരനെയോ അളിയനെയോ അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വിളിച്ചിട്ടില്ല. തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും മെഹബൂബ് പറഞ്ഞു.
താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്‍റെ ആരോപണം. ഈ പെൻഡ്രൈവ് ലാപ്ടോപിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാൾ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിൽ ഇരുന്ന് ചീത്ത പറഞ്ഞാൽ മാത്രമേ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ പൊലീസ് ആറ് ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാൻ നൽകിയത്. ഇതിൽ ഒരാളാണ് ഈ വിഐപി എന്ന് സാക്ഷി ഏറെക്കുറെ ഉറപ്പ് നൽകി. കോട്ടയത്തെ പ്രവാസി വ്യവസായിയായ ഇയാൾക്ക് കോട്ടയത്തും വിദേശത്തും വ്യവസായ സംരഭമുണ്ട്. കോട്ടയത്തടക്കം വിവിധ രാഷ്ട്രീയ ബന്ധമുള്ള ഇയാളാണ് വിഐപി എന്ന് വിശേഷിപ്പിച്ച പ്രതിയെന്ന് തിരിച്ചറിയാൻ അന്വേഷണ സംഘം ശബ്ദ സാമ്പിൾ ശേഖരിക്കും. അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ള സാമ്പിളുമായി ഒത്തുപോകുകയാണെങ്കിൽ പ്രതിയാക്കും. ഉടൻ വ്യവസായിയെ കേസിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam