
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി കേസിൽ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറൽ എസ്‌പി കെ.എസ് സുദർശൻ. കേസിൽ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നും എസ്‌പി പറഞ്ഞു. ഫോൺ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കുമെന്നും ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും വാട്സ്ആപ്പ് സന്ദേശങ്ങളേകുറിച്ചും അന്വേഷിക്കുമെന്നും എസ്‌പി വ്യക്തമാക്കി.
ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും നഷ്ടമായ വാട്സ്ആപ്പ് ചാറ്റുകൾ തിരിച്ചെടുക്കുമെന്ന് എസ്‌പി കൂട്ടിച്ചേർത്തു. കേസിൽ ഇന്ന് തെളിവെടുപ്പ് ഉണ്ടാകില്ല. ഹരികുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നുള്ളതിൽ അന്വേഷണം തുടരുകയാണ്. ഏതെങ്കിലും ആത്മീയ ആചാര്യന് പങ്കുണ്ടോ എന്നുള്ളതിൽ കൂടുതൽ അന്വേഷണം വേണം. പ്രതി ഹരികുമാർ പറഞ്ഞ കാര്യങ്ങൾ പൂർണമായി പുറത്ത് പറയുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും എസ്‌പി പറഞ്ഞു.
കട്ടിൽ കത്തിയതിലും കുരുക്കിട്ട കയറിലും പ്രതി പറഞ്ഞ കാര്യങ്ങളിലും പരിശോധന വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളിൽ സാഹചര്യ തെളിവുകൾ കൂടി കണക്കിലെടുത്ത് അന്വേഷണം വേണം. ഹരികുമാറിന്റെ മൊഴി പൂർണമായി വിശ്വസിക്കാനാവില്ല. കേസുമായി ബന്ധപ്പെട്ട എല്ലാവരെ കുറിച്ചും സൂചനകളുണ്ടെന്ന് എസ്പി പറഞ്ഞു. ഹരികുമാറിനെ നിലവിൽ എസ്‌പി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ നടപടികൾ ക്യാമറയിൽ പകർത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രതി പല കാര്യങ്ങളും പറയുന്നുണ്ട്. അതെല്ലാം വിശദമായി പരിശോധിക്കണം. അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam