
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞത് അമ്മാവൻ ഹരികുമാറെന്ന് പൊലീസ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന്റെ അമ്മ ശ്രീതുവിൻ്റെ പങ്കിൽ സംശയമുണ്ടെങ്കിലും തൽക്കാലം പൊലീസ് വിട്ടയക്കും. എന്തിന് വേണ്ടിയായിരുന്നു ക്രൂരകൃത്യമെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്ന വാർത്തയറിഞ്ഞാണ് നാടുണർന്നത്. തെരച്ചിലിൽ കുഞ്ഞിന്‍റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത്.
തുടക്കം മുതൽ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെ
അമ്മ ശ്രീതുവിനെയും അച്ഛൻ ശ്രീജിതിനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു.
വേവ്വേറേയിരുത്തിയുള്ള ചോദ്യം ചെയ്യലിലും മൊഴിൽ വൈരുദ്ധ്യം കണ്ടെത്തി. പലവട്ടം പൊലീസിനെ വട്ടം കറക്കി ഒടുവിലായിരുന്നു അമ്മാവൻ ഹരികുമാറിന്റെ കുറ്റ സമ്മതം. കുഞ്ഞിനെ കൊന്നെന്ന് സമ്മതിക്കുമ്പോളും എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല. അന്വേഷിച്ച് കണ്ട് പിടിക്കാൻ ഹരികുമാർ പൊലിസിനെ വെല്ലുവിളിച്ചു. അമ്മ ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലെ വാട്സാപ്പ് ചാറ്റടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഏറെ നാളെയായി ശ്രീതുവും ഭർത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസ്സുള്ള മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. ഹരികുമാറിന്‍റെ മുറിയിലെ കട്ടിൽ കത്തിയ നിലയാണ്. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു. കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്കാണോ ശ്രമമെന്നായിരുന്നു സംശയമെങ്കിലും അത് പൊലീസ് തള്ളി. അമ്മയുടെ കുടുംബവീട്ടിലാണ് കുഞ്ഞിനെ സംസ്കരിച്ചത്. അച്ഛൻ ശ്രീജിത്തിനെയും അമ്മൂമ്മയും ശ്രീകലയെയും സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ പൊലീസ് എത്തിച്ചിരുന്നു. എന്തിന് കുഞ്ഞു ദേവേന്ദുവിന്റെ ജീവനെടുത്തെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസും നാടും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam