
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്‍റെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് ശ്രീതു. കുട്ടിയെ സഹോദരൻ കിണറ്റിലിട്ടത് ശ്രീതുവിന്‍റെ അറിവോടെ തന്നെയെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാൻ മുറിയിൽ തീയിട്ടു. മെത്തയും ഷൂസുമാണ് തീയിട്ടത്. ഒന്നാം പ്രതി ഹരികുമാർ തീയിടുമ്പോൾ ശ്രീതുവിന് ഇക്കാര്യം അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്‌ച മൂന്ന് ദിവസത്ത കസ്റ്റഡി അപേക്ഷ നൽകും.
ജയിലിൽ കഴിയുമ്പോൾ ലഹരി, മോഷണ കേസുകളിലെ പ്രതികളുമായി ശ്രീതു ബന്ധം സ്ഥാപിച്ചു. ശ്രീതുവിനെ ജാമ്യത്തിലിറക്കിയത് വലിയതുറ സ്‌റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയായ സ്‌ത്രീയാണ്. പുറത്തിറങ്ങിയ ശ്രീതു മോഷണ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കി. ശ്രീതു കൊഴിഞ്ഞാപ്പാറയിൽ താമസിച്ചത് മോഷണ കേസ് ദമ്പതികൾക്കൊപ്പമാണ്. മോഷണ പണം കൊണ്ട് ആർഭാടജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചനാ കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ശ്രീതുവിന്‍റെയും ഹരികുമാറിന്‍റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവരും തമ്മിൽ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ വീടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റി. ഹരികുമാറിന്‍റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നൽകിയാൽ മതിയെന്ന് പൊലീസ് തീരുമാനിച്ചു. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാല്‍ ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam