
തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് റിപ്പോർട്ട് നൽകും. മതപഠനശാലക്കെതിരായ നടപടിയിൽ ഈയാഴ്ച തീരുമാനമെടുക്കും. സ്ഥാപനത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടുളള അന്വേഷണം സബ് കളക്ടറാണ് നടത്തുന്നത്.
ബീമാപ്പള്ളി സ്വദേശിയായ അസ്മീയയുടെ മരണത്തിന് പിന്നാലെ അസ്മീയ പഠിച്ചിരുന്ന ബാലരാമപുരത്തെ അൽ അമൻ എഡ്യൂക്കേഷൻ കോംപ്ലക്സ് എന്ന മതപഠനശാലയ്ക്കെതിരെ ഗുരുതര ആരോപണമുയർന്നിരുന്നു. പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചാണ് പൊലീസ് അന്വേഷണം. ആത്മഹത്യാ പ്രേരണ ചുമത്തുന്നതടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടെ ഒരു സാഹചര്യവും ഇല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളിൽ അന്തിമ നിഗമനത്തിലെത്തുമെന്നാണ് പ്രത്യേക സംഘം വ്യക്തമാക്കുന്നത്.
അതേസമയം, സ്ഥാപനം നടത്തിപ്പിന് അനുമതിയോ, ഹോസ്റ്റൽ ലൈസൻസോ ഇല്ലെന്ന് പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സബ്കളക്ടർ അശ്വതി ശ്രീനിവാസിന് അന്വേഷണ ചുമതല നൽകിയത്. സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ സബ് കളക്ടർ പരിശോധിക്കും. അസ്മീയയുടെ ബന്ധുക്കളിൽ നിന്നും, മതപഠനശാല അധികൃതരിൽ നിന്നും വിശദ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം ഈയാഴ്ച തന്നെ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. കഴിഞ്ഞ 13 നാണ് മതപഠനശാലയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam