
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബാലരാമപുരം സ്വദേശി വിജയകുമാറിനെയാണ് (46 ) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വിനോദ് ശിക്ഷിച്ചത്. പിഴ തുക ഇരയായ കുട്ടിക്ക് നൽകണമെന്ന് വിധിയിൽ പറയുന്നു. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക കഠിനതടവ് അനുഭവിക്കണം.
2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓണാഘോഷത്തോട് അനുബന്ധിച്ച് ഡാൻസ് പഠിക്കുന്നതിനായി വന്ന 11 വയസുകാരനെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. ഭയം കാരണം കുട്ടി വിവരം ആദ്യം പുറത്തു പറഞ്ഞിരുന്നില്ല. തുടർന്ന് സ്കൂളിലെ കൗൺസിലിംഗിനിടെയാണ് സംഭവം തുറന്നു പറയുന്നത്. ടീച്ചർമാർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകി കേസെടുക്കുകയുമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ നെയ്യാറ്റിൻകര പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം ശ്രീകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam