
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ അറസ്റ്റിലായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. പ്രതികൾ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെയുള്ള പ്രതികളാണ് റിമാൻഡിലുള്ളത്.
എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്ഐആറിലുണ്ട്. മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി പൊലീസ് കേസ്സെടുത്തു.
Also Read: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ് : എഫ് ഐആറിൽ മാറ്റം, വധശ്രമം കൂടി ചേർത്ത് പൊലീസ്
ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ പുലർച്ചെ ഒരു മണിയോടെയാണ് ഡി വൈ എഫ് ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദ്ദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Also Read: ബാലുശേരി ആൾക്കൂട്ട ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേും കേസിൽ നിന്നൊഴിവാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam