Asianet News MalayalamAsianet News Malayalam

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ് : എഫ് ഐആറിൽ മാറ്റം, വധശ്രമം കൂടി ചേർത്ത് പൊലീസ് 

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒളിവിൽ കഴിയുന്ന എസ്‍‍ഡിപിഐ നേതാക്കളിൽ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Section 307 Attempt to murder added to balussery mob attack case
Author
Kerala, First Published Jun 27, 2022, 7:39 AM IST

കോഴിക്കോട് : ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐആറിൽ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കം കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്ഐആറിൽ ചേർത്തിരുന്നത്. 

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിലെ കൂടുതൽ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒളിവിൽ കഴിയുന്ന എസ്‍‍ഡിപിഐ നേതാക്കളിൽ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ജിഷ്ണുവിനെ മുക്കിക്കൊല്ലാൻ ശ്രമിച്ചത് എസ്‍‍ഡിപിഐ നേതാവ് സഫീർ, ദൃശ്യങ്ങൾ പുറത്ത്

കേസിൽ ഇതുവരെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഒളിവിൽ പോയ എസ്‍ഡിപിഐ പ്രവർത്തകരെ പിടികൂടുക ശ്രമകരമാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. അതേസമയം, കേസിൽ പൊലീസ് - എസ്‍ഡിപിഐ അന്തർധാരയുണ്ടെന്നാണ് ലീഗ് ആരോപിക്കുന്നത്. സ്വന്തം പ്രവർത്തകൻ തന്നെ കേസിൽ അറസ്റ്റിലായതോടെ,  ഡിവൈഎഫ്ഐ നേതൃത്വം വലിയ പ്രതിരോധത്തിലായിരുന്നു. എന്നാൽ ജിഷ്ണുവിന് നേരെ നടന്നത് ബോധപൂർവ്വമായ, എസ്‍ഡിപിഐ - ലീഗ് ആക്രമണാണെന്ന് ഡിവൈഎഫ്ഐ ആവർത്തിക്കുന്നു. പ്രധാന പ്രതികളെ മൂന്ന് ദിവസം കഴിയുമ്പോഴും പിടികൂടാത്തതിൽ വലിയ വിമർശനമാണ് പൊലീസിന് നേരിടുന്നത്. പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ജിഷ്ണുവിന് സംഭവിച്ചത്, അന്ന് രാത്രി നടന്നത് 

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ പുലർച്ചെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്ഐആറിലുണ്ട്. 

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ  30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.  പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിനു ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.  

 

Follow Us:
Download App:
  • android
  • ios