
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിലെ (Balussery) ആൾക്കൂട്ട മർദന കേസിൽ (Mob Attack Case) കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.
ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്‍റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.
രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ എസ്ഡി പിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മർദിച്ചതെന്ന് ജിഷ്ണു പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam