
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികളിലും കറുപ്പിന് വിലക്കും കരുതല്‍ തടങ്കലുകളും കരിങ്കൊടി പ്രതിഷേധങ്ങളും. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്തും കോഴിക്കോടും പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘനാപ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തു.
കാലിക്കറ്റ് സര്‍വകലാശാല കാമ്പസിനകത്ത് മുഖ്യമന്ത്രിയുടെ പരിപാടിക്ക് തൊട്ട് മുമ്പ് കറുത്ത വസ്ത്രമണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനികൾ ഉള്‍പ്പെടെയുള്ള കെ.എസ്,യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലായ കാമ്പസിലെ വേദിക്ക് പുറത്ത് നടന്നത് കര്‍ശന പരിശോധനകളാണ്. വേദിക്ക് മുന്നില്‍ വെച്ച് പരിപാടിക്ക് എത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. കറുത്ത കുടയും മാറ്റി. കാമ്പസിനകത്ത് കറുത്ത വസ്ത്രം ധരിച്ചുവന്ന മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തു.
മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കേ സര്‍വകലാശാലക്ക് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചെത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുണ്ടിക്കൽ താഴത്ത് യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകരെ കസ്റ്റഡയിലെടുത്തതിനെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പ്രതിഷേധിച്ചു. താമരശ്ശേരിയിലും യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam