പിഎഫ്ഐ നിരോധനം: അഭിപ്രായം പറയാതെ പ്രകാശ് ജാവ്ദേക്കർ, മുഖ്യമന്ത്രിക്കും സതീശനും മൗനം

By Web TeamFirst Published Sep 24, 2022, 6:36 PM IST
Highlights

പിഎഫ്ഐ നിരോധനത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിരോധന കാര്യത്തില്‍ വ്യക്തമായ മറുപടി പറയുന്നില്ല

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ അക്രമ ഹര്‍ത്താലിനെ തള്ളിപ്പറയുമ്പോഴും സംഘടന നിരോധിക്കണമെന്ന ആവശ്യത്തില്‍ വ്യക്തമായ നിലപാട് പറയാതെ മുന്നണികൾ. പിഎഫ്ഐ നിരോധനത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിരോധന കാര്യത്തില്‍ വ്യക്തമായ മറുപടി പറയുന്നില്ല. അതേസമയം പിഎഫ്ഐയെ നിരോധിക്കേണ്ടതില്ലെന്ന് ലീഗ് വ്യക്തമാക്കി.

എന്‍ഐഎ റെയ‍്‍ഡും വ്യാപക അറസ്റ്റും തുടര്‍ന്ന് കേരളത്തില്‍ നടന്ന അക്രമ ഹര്‍ത്താലും പിഎഫ്ഐ നിരോധനമെന്ന ചര്‍ച്ചകള്‍ സജീവമാക്കുമ്പോള്‍ പ്രധാന രാഷ്ട്രീയ പ്രസഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുന്നുവെന്നത് പ്രധാനമാണ്. ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ പ്രകാശ് ജാവ്ദേക്കറോട് ഈ വിഷയം ആവര്‍ത്തിച്ച് ചോദിച്ചു. അക്രമത്തെ തള്ളിപറഞ്ഞെങ്കിലും നിരോധന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് താനല്ലെന്നായിരുന്നു ജാവ്ദേക്കറുടെ നിലപാട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ നടപടിയെന്നും ഇക്കാര്യത്തിൽ എന്താണ് വേണ്ടതെന്ന് എൻഐഎ പറയുമെന്നും ജാവ്ദേക്കർ പറ‌ഞ്ഞൊഴിഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: സംസ്ഥാനത്ത് രജിസ്റ്റ‍ർ ചെയ്തത് 281 കേസ്, 1013 പേർ അറസ്റ്റിൽ

അക്രമസമരത്തെയും അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് പരാജയപ്പെട്ടതിനെയും ശക്തമായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിനോടും ഈ വിഷയം ചോദിച്ചു. നിരോധന കാര്യം ആലോചിച്ച് ചർച്ച ചെയ്തെടുക്കേണ്ട തീരുമാനമാണെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി. ആസൂത്രിതമെന്ന് വിശേഷിപ്പിച്ച്, അക്രമ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും നിരോധനത്തെ കുറിച്ച് മൗനം പാലിച്ചു. വര്‍ഗീയതയ്ക്ക് മറുപടി മറ്റൊരു വര്‍ഗീയതയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായം മുസ്ലിം ലീഗിനില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം അറിയിച്ചു. നിരോധനം ശാശ്വത പരിഹാരമല്ലെന്നും നിരോധിച്ചാല്‍ മറ്റ് പ്രവര്‍ത്തന രീതികളിലൂടെ അവര്‍ ശക്തരാകുമെന്നുമാണ് മിക്ക നേതാക്കളും പറയുന്നത്.


 

click me!