
വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് ധാരണയായി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. രാവിലെ എട്ടുമണിയോടെ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാൻ ധാരണയായത്.
8.5 ക്യുമെക്സ് അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുക. 10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ ഘട്ടം ഘട്ടമായാണ് തുറക്കുക. നിലവില്‍ സംഭരണ ശേഷിയ്ക്കൊപ്പം എത്താൻ 1.35 മീറ്റര്‍ കൂടി ജലനിരപ്പ് ഉയരേണ്ടതുണ്ട്. ഷട്ടറുകൾ തുറക്കുന്നതോടെ 1.5 മീറ്റർ വരെ വെള്ളം ഉയരും. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.
ബാണാസുര അണക്കെട്ടിൽ ഇപ്പോൾ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷട്ടറുകൾ തുറക്കുന്നതോടെ പടിഞ്ഞാറത്തറ പഞ്ചായത്തിലാണ് ആദ്യം വെള്ളമെത്തുക. കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം പഞ്ചായത്തുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. അതേസമയം, ഷട്ടറുകൾ തുറക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ അറിയിച്ചു. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam