Latest Videos

പന്തളം സഹകരണ ബാങ്കിലെ സ്വർണം തിരിമറി; സ്വർണം നഷ്‍ടപെട്ടില്ല, ജീവനക്കാരനെ സംരക്ഷിച്ച് ബാങ്ക് ഭരണ സമിതി

By Web TeamFirst Published Feb 6, 2023, 12:00 PM IST
Highlights

ബാങ്കിലെ ഇടപാടുകരുടെ സ്വർണം ബാങ്കിൽ തന്നെ ഉണ്ട്. വന്ന് പരിശോധിച്ച ഇടപാടുകാർക്ക് ഇക്കാര്യം ബോധ്യപെട്ടിട്ടുണ്ട്. ആരോപണങ്ങളും സമരവും രാഷ്ട്രീയ പ്രേരിതമാണെന്നും ബാങ്ക് പ്രസിഡന്റ്‌ ആരോപിച്ചു.

പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിലെ സ്വർണം തിരിമറിയില്‍ ജീവനക്കാരനെ സംരക്ഷിച്ച് ബാങ്ക് ഭരണ സമിതി. ബാങ്കിൽ നിന്ന് സ്വർണം നഷ്‍ടപെട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ്‌ ഫസിൽ ഹക്കിം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ബാങ്കിലെ ഇടപാടുകരുടെ സ്വർണം ബാങ്കിൽ തന്നെ ഉണ്ട്. വന്ന് പരിശോധിച്ച ഇടപാടുകാർക്ക് ഇക്കാര്യം ബോധ്യപെട്ടിട്ടുണ്ട്. ആരോപണങ്ങളും സമരവും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്റ്‌ ആരോപിച്ചു.

സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്റെ മകനാണ് സ്വർണം തിരിമറി നടത്തിയ അർജുൻ പ്രമോദ്. സജീവ പാർട്ടി പ്രവർത്തകനായ ഇയാള്‍ സഹകരണ ബാങ്കിൽ ജോലിക്ക് കയറിയതും സിപിഎം ശുപാർശയിലാണ്. പാർട്ടിയുമായുള്ള ഈ അടുപ്പം തന്നെയാണ് ഗൗരവമേറിയ കുറ്റം ചെയ്തിട്ടും അർജുനെ നിയമ പരമായ നടപടികളിൽ നിന്ന് ബാങ്ക് ഭരണ സമിതി രക്ഷിക്കുന്നത്. എഴുപത് പവൻ സ്വർണം കൈമാറ്റം ചെയ്തിട്ടും സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയോ ബാങ്കിലെ സെക്രട്ടറിയോ പൊലീസിനെ അറിയിക്കാത്തതെ സംഭവം മറച്ച് വെച്ചു. എടുത്ത സ്വർണം തിരിച്ച് വച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളിലും പന്തളത്തെ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ട്. ബാങ്കിന്റെ പരാതി കിട്ടാതെ പൊലീസിനും നടപടി എടുക്കാൻ കഴിയില്ല.

ക്ലർക്ക് തസ്തികയിലോ അതിന് മുകളിലോ ഉള്ളവർ മാത്രമെ ബാങ്കിലെ പണമിടപാടും ലോക്കറും കൈകാര്യം ചെയ്യാൻ പാടുള്ളു എന്നതാണ് ചട്ടം. എന്നാൽ പന്തളം ബാങ്കിലെ പ്യൂൺ തസ്തികയിലുള്ള അർജുൻ പ്രമോദ് എങ്ങനെ ലോക്കർ കൈകാര്യം ചെയ്തു എന്നതിനും വ്യക്തതയില്ല. വിവിധ സഹകരണ ബാങ്കുകളിലെ നിക്ഷേപ തുക തിരികെ കിട്ടാത്ത വാർത്തകൾ വരുന്നതിന് പിന്നാലെ സാധാരണക്കാർ ബാങ്കിൽ പണയം വെയ്ക്കുന്ന സ്വർണത്തിനും സുരക്ഷയില്ല എന്നതും ഇടപാടുകാരെ ആശങ്കപ്പെടുത്തുന്നു.

click me!