നെയ്യാറ്റിന്‍കര ആത്മഹത്യ: ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ

By Web TeamFirst Published May 29, 2019, 12:54 PM IST
Highlights

ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹർജി തീർപ്പാക്കി. അന്വേഷണം സത്യസന്ധമായ രീതിയിൽ മുന്നോട്ടു പോകണം എന്നും കോടതി പറഞ്ഞു. 

കൊച്ചി: നെയാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്വർക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.  ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം കുറിപ്പിലില്ലെന്നും ഭർതൃപീഡനം എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ജപ്തി നടപടിക്കെതിരെ മരണത്തിന് മുമ്പ് ലേഖ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പൊലീസിന്‍റെ മറുപടി. 

അതേസമയം ബാങ്ക് നടപടികൾ മുൻപോട്ടു പോകുന്നതിൽ തടസ്സം നിൽക്കില്ല എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ നിലവിലെ സാഹചര്യത്തിൽ പ്രതി ആക്കാൻ പറ്റില്ലെന്നും സർക്കാർ വ്യക്തമാക്കി.

എന്നാല്‍ കേസ് ഇനി ആര് മുൻപോട്ടു കൊണ്ട് പോകും എന്ന് കോടതി ചോദിച്ചു. നിർഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരനായ ലേഖയുടെ ഭര്‍ത്താവ്  നിലവിൽ ഒന്നാം പ്രതിയാണെന്നും ആത്മഹത്യക്ക് വഴി ഒരുക്കിയത് ഇയാളും ഇയാളുടെ അമ്മയും ചേർന്നാണെന്നും സർക്കാര്‍ കോടതിയെ അറിയിച്ചു. 

മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാം. ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹർജി തീർപ്പാക്കി. അന്വേഷണം സത്യസന്ധമായ രീതിയിൽ മുന്നോട്ടു പോകണം എന്നും കോടതി പറഞ്ഞു. 

click me!