
കൊല്ലം: കൊല്ലം മീയണ്ണൂരില്‍ യുക്കോബാങ്കിന്‍റെ വിചിത്ര ജപ്തി. വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തു. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്‍റെ വിശദീകരണം.
ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ യൂക്കോ ബാങ്ക് കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പ എടുത്തിരുന്നു. കശുവണ്ടി വ്യവസായം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. സര്‍ക്കാര്‍ കശുവണ്ടി വ്യവസായികള്‍ക്കായി ബാങ്കുകളുമായി ചര്‍ച്ച നടത്തി തിരിച്ചടവിന് സാവകാശം കൊടുത്തെങ്കിലും ബാങ്ക് ജപ്തിയിലേക്ക് നീങ്ങിയെന്നാണ് വ്യവസായികളുടെ പരാതി.
വീട്ടുടമസ്ഥനായ ഷൈന്‍ തോമസ് ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയാണ് പുറത്തുപോയത്. ഗേറ്റ് ചാടിക്കടന്നെത്തിയാണ് വൈകിട്ട് ബാങ്കധികൃതര്‍ ജപ്തി നടപ്പാക്കിയത്. ഗേറ്റില്‍ മറ്റൊരുപൂട്ടിട്ട് അവര്‍ സീല്‍ ചെയ്ത് പോയി. പക്ഷേ, സ്ത്രീകളടക്കം വീട്ടുകാര്‍ അകത്തായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പിന്നീടവര്‍ പൂട്ട് തല്ലിപൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി. പൂയപ്പളളി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ പരാതിയില്‍ കേസെടുത്തു. പിന്നീട് ബാങ്കുകാരും സ്ഥലത്തെത്തി. പൊലീസ് സാന്നിധ്യത്തില്‍ ഇനി ചര്‍ച്ച തുടരാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam